അനൂജയുടെ ദുരൂഹമരണം; അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

കൊച്ചി| VISHNU N L| Last Modified ശനി, 30 മെയ് 2015 (10:18 IST)
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന അനൂജയുടെ ദുരൂഹമരണത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാണിച്ച് ബന്ധുക്കളും സംഘടനകളും പ്രതിഷേധമുയര്‍ത്തിയതൊടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയത്. കൊല്ലപ്പെട്ട സ്ഥലത്ത് പരിശോധന നടത്തിയ ആര്‍ ഡി ഒയും സബ്കളക്ടറും നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയത്.

അനൂജയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു ലോക്കല്‍ പോലീസിന്‍റെ നിഗമനം. ഏപ്രില്‍ 25 നാണ് കളമശ്ശേരിയിലെ വാടക വീട്ടില്‍ എറണാകുളം മഹാരാജാസ് കോളേജിലെ എം.എ പൊളിറ്റിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അനൂജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസമായി അനൂജ ചാവക്കാട് സ്വദേശി ഖലീല്‍ തങ്ങള്‍ എന്ന ഖാലിമിനോടൊത്ത് താമസിച്ച് വരികയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പിന്നീട് ഇയാള്‍ മുസ്ലിമായി മതം മാറണമെന്ന് അനൂജയെ നിര്‍ബന്ധിച്ചിരുന്നതായി അനൂജയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അനൂജയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിനു മുന്‍പ് അനൂജ ക്രൂരമായ ശാരീരിക പീഡനത്തിനിരയായതായി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ മരണത്തില്‍ ദുരൂഹതയുള്ളതായി വിവിധ ഹിന്ദു ഐക്യവേദി, ബിജെപി ഉള്‍പ്പെടെയുള്ള സംഘടകള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ തങ്ങളുടെ
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കാണിച്ച് അനൂജയുടെ മാതാപിതാക്കള്‍ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :