ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന് ഇനി എനിക്കാവില്ല, എനിക്ക് കിട്ടാനുള്ള ശമ്പളം ഈ പണിക്ക് നിങ്ങൾക്കുള്ള ശമ്പ‌ളമാകട്ടെ: മംഗളത്തിൽ നിന്നും അടുത്ത രാജി

''പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്, അന്നൊന്നും കൂട്ടിക്കൊടുപ്പിന് കൂട്ടുനിന്നിട്ടില്ല; മംഗളത്തിൽ നിന്നും അടുത്ത രാജി

aparna shaji| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (15:14 IST)
എ കെ ശശീന്ദ്രനെ കുടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മംഗളം ചാനലില്‍ നിന്നു രാജി തുടരുന്നു. മംഗളം ചാനലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന എ കെ സാജനാണ് ഏറ്റവുമൊടുവിലായി രാജിവെച്ചിരിക്കുന്നത്.

സാജന്റെ വാക്കുകളിലൂടെ:

ഒരു മാധ്യമ പ്രവർത്തകനല്ലെങ്കിലും മാധ്യമപ്രവർത്തകരുടെ കൂടെ അവരുടെ ലക്ഷ്യത്തിനോടൊപ്പം യാത്ര ചെയ്യാൻ തുടങ്ങിയിട്ട് 13 വർഷത്തോളമായി. ഇന്ത്യാവിഷനു ശേഷം മംഗളത്തിൽ ഡ്രൈവർ സ്റ്റാഫായി ജോലി തുടങ്ങുന്നത് നാല് മാസം മുൻപാണ്. കോഴിക്കോട് ബ്യൂറോയിൽ. ഇന്നത്തോടെ ഈ പണി നിർത്തുകയാണ്.

മാധ്യമ പ്രവർത്തകനല്ലെങ്കിലും ഇതല്ല മാധ്യമപ്രവർത്തനമെന്ന ഉത്തമബോധ്യമുണ്ട്. ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാൻ ഇനി എനിക്കാവില്ല. മാധ്യമ പ്രകവർത്തകർക്കപ്പുറം മംഗളത്തിലെ എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് ഈ പ്രതിച്ഛായയില് ജോലി ചെയ്യൽ അസഹനീയമാണ്. അങ്ങനെ ഉള്ള ഒരാളായി ഞാനീ പടിയിറങ്ങുകയാണ്.

ഇത്രയും ദിവസം നിങ്ങളുടെ പക്ഷത്ത് അല്പമെങ്കിലും ശരി ഉണ്ടെന്ന് കരുതിയിരുന്നു. ഇനി എന്താണെന്നറിയില്ല. പക്ഷെ ഈ നാറിയ പ്രതിച്ഛായയുടെ തണലില് നിന്നുകൊണ്ടുള്ള ശമ്പളം വാങ്ങാൻ എനിക്കാവില്ല. "പണി് ഇല്ലാതെ അലഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. അന്നൊന്നും കൂട്ടിക്കൊടുപ്പിന് കൂട്ടുനിന്നിട്ടില്ല". ആത്മാഭിമാനമായിരുന്നു കൈമുതൽ. അത് ഇന്നും ഉണ്ട്. അതുകൊണ്ട് മംഗളം ഗുഡ്ബൈ.

എനിക്ക് കിട്ടാനുള്ള ശമ്പളം ഈ പണിക്ക് നിങ്ങൾക്കുള്ള ശമ്പളമാകട്ടെ. മംഗളത്തിലെ നല്ലവരായ തൊഴിലാളികളോട് നന്ദി മാത്രം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :