ഭൂമി ഇടപാട്; മന്ത്രി അടൂർ പ്രകാശ് കുറ്റക്കാരനല്ലെന്ന് വിജിലൻസ് റിപ്പോർട്ട്

ഭൂമി ഇടപാട്; മന്ത്രി അടൂർ പ്രകാശ് കുറ്റക്കാരനല്ലെന്ന് വിജിലൻസ് റിപ്പോർട്ട്

മൂവാറ്റുപുഴ| aparna shaji| Last Modified വെള്ളി, 22 ഏപ്രില്‍ 2016 (13:02 IST)
വിവാദസ്വാമി ഇടനിലക്കാരനായ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി അടൂർ പ്രകാശിനെതിരെ നിലനിന്നിരുന്ന കേസിൽ അദ്ദേഹം കുറ്റക്കാരനല്ലെന്നു കാട്ടി വിജിലൻസ് റിപ്പോർട്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവിനെത്തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചു.

റവന്യു മന്ത്രിക്ക് പ്രത്യേക ലക്ഷ്യങ്ങളോ താ‌ൽപര്യമോ ഇല്ലാത്തതിനാൽ അദ്ദേഹത്തിനെതിരെ കേസ് എടുക്കേണ്ട ആവശ്യമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 25ന്‌ മുമ്പ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശമെങ്കിലും നാലുദിവസം മുമ്പേ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. കേസ്‌ പരിഗണിക്കുന്ന അടുത്ത അവധിക്ക്‌ അന്വേഷണ റിപ്പോര്‍ട്ട്‌ കോടതി പരിശോധിക്കും.നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുംമുമ്പ്‌ സംസ്‌ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഭൂമി കൈമാറ്റ ഉത്തരവ്‌ ഏറെ വിവാദമായിരുന്നു.

കേസുമായി ബന്ധപ്പെട്ട് റവന്യുമന്ത്രിക്ക് പുറമെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിവാദസ്വാമി സന്തോഷ് മാധവന്‍ എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ അന്വേഷണം നടപ്പിലാക്കുവാനായിരുന്നു വിജിലൻസ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് മന്ത്രി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി സ്റ്റേ നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു വിജിലൻസിന്റെ അന്വേഷണം.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സന്തോഷ് മാധവന്റെ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തുകൊടുത്തു എന്നാണ് മന്ത്രിയടക്കമുള്ളവർക്കെതിരെ ഉയർന്ന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഷ്പക്ഷമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കെതിരേയും ആരോപണങ്ങ‌ൾ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയുള്ളുവെന്ന് കോടതി വിശദീകരിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :