വയനാട്|
Last Updated:
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (17:45 IST)
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്കായി പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്സ് നടപ്പാക്കുന്ന പദ്ധതിയിലൂടെ 100 ചാക്ക് കാലിത്തീറ്റ കര്‍ഷകര്‍ക്ക് ദാനമായി നല്‍കി വയനാട്ടിലെ ഫെയ്സ്ബുക്ക് കൂട്ടായ്മ. 'ക്ഷീരകര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ്' എന്ന പദ്ധതി പ്രകാരം നടത്തി വരുന്ന 'സ്നേഹസ്പര്‍ശം' വഴിയാണ് അഭിനേത്രിയും അവതാരകയുമായ പേളി മാണിയുടെ ഫേസ്ബുക്ക് ആരാധക കൂട്ടായ്മ കാലിത്തീറ്റ ദാനമായി നല്‍കിയത്.
കഴിഞ്ഞ മാസത്തെ പേമാരിയില്‍ ഒറ്റപ്പെട്ടു പോയ വയനാട്ടിലെ കുറുമണി ഗ്രാമത്തെയാണ് എണ്ണായിരത്തോളം അംഗങ്ങളുള്ള പേളി ആര്‍മി എന്ന ഫേസ്ബുക്ക് കൂട്ടായ്മ സഹായിക്കാന്‍ തീരുമാനിച്ചത്. ക്ഷീരകര്‍ഷകരാണ് ഈ മേഖലയില്‍ കൂടുതലുള്ളതെന്നതിനാലാണ് ആ വഴിക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചുവെന്ന് കൂട്ടായ്മയുടെ സംഘാടകര്‍ പറഞ്ഞു. കേരള ഫീഡ്സിന്‍റെ 'ഗിഫ്റ്റ് എ ഫീഡ്' ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കമ്പനിയുമായി ബന്ധപ്പെട്ടു. 50 കിലോ വരുന്ന മിടുക്കി കാലിത്തീറ്റയുടെ നൂറു ചാക്കുകള്‍ വാങ്ങി കര്‍ഷകര്‍ക്ക് നല്‍കി. കാലിത്തീറ്റ വിലയില്‍ കേരള ഫീഡ്സ് ഇളവ് നല്‍കിയെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി.
കേരള ഫീഡ്സ് മുന്നോട്ടു വച്ച പദ്ധതി സമൂഹ മാധ്യമ കൂട്ടായ്മകള്‍ ഉള്‍പ്പെടെ ഏറ്റെടുക്കുന്നത് പ്രചോദനം നല്‍കുന്ന കാര്യമാണെന്ന് കമ്പനി എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലത്തെ മഹാപ്രളയകാലത്ത് ഡൊണേറ്റ് എ കൗ പരിപാടിയിലൂടെ അര്‍ഹരായ ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ വാങ്ങി നല്‍കാനുള്ള അവസരം സുമനസുകള്‍ക്ക് കേരള ഫീഡ്സ് ഒരുക്കിയിരുന്നു.
സംസ്ഥാനത്തുടനീളം നിരവധി കര്‍ഷകരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഗിഫ്റ്റ് എ ഫീഡ് പദ്ധതി ഏറെ സൗകര്യപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
സെയ്ന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ പടിഞ്ഞാറേത്തറ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ നൗഷാദ് എം പി കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു. സെയിന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി സെബാസ്റ്റ്യന്‍ പുത്തന്‍, ഗ്രാമപഞ്ചായത്തംഗം ശ്രീ ഹാരിസ് സി ഇ, ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
പേളി മാണി ഫോട്ടോ ക്രെഡിറ്റ്: Clintsoman