കൊച്ചി|
jibin|
Last Modified ചൊവ്വ, 4 ജൂലൈ 2017 (21:14 IST)
താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ആഷിഖ് അബു. ഒരു വിലക്കും വിലപ്പോവില്ലെന്ന് സിനിമാ സംഘടനകള്‍ ഓര്‍ത്താല്‍ നല്ലതാണ്. സിനിമയില്‍ ഒതുക്കലിന്റെ കാലം കഴിഞ്ഞു. താല്‍പ്പര്യമുള്ളവര്‍ക്ക്
സിനിമ ചെയ്യാന്‍ സാധിക്കും. കാര്യങ്ങള്‍ പുതിയ തലമുറ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിഷയത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ പ്രതീക്ഷയുണ്ട്. ജനാധിപത്യം തീരെയില്ലാത്ത സംഘടനയാണ് അമ്മയെന്നും ആഷിഖ് പറഞ്ഞു.
വ്യക്തി താല്‍പര്യങ്ങളാണ് എല്ലാവരും സംരക്ഷിക്കുന്നത്. ഈഗോയുടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിലാണ് ഇവിടെ എല്ലാം നടക്കുന്നത്. ലോബികളുടെ പീഡനം സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഞങ്ങള്‍ പ്രൊഡക്ഷനില്‍ വന്നത്. ദിലീപ് അമല്‍ നീരദിനെയും അന്‍വര്‍ റഷീദിനെയും സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചുവെങ്കിലും വിതരണക്കാരുടെ ഓഫീസുകളില്‍ നിന്ന് തിയേറ്ററുകളിലേക്ക് ഇവര്‍ക്കെതിരെ ഫോണ്‍ കോളുകള്‍ വന്നു. ഇതൊക്കെ എങ്ങനെയാണ് സംഭവിച്ചതെന്നും ആഷിഖ് ചോദിച്ചു.
സംവിധായകനായ വിനയനോടും, മുതിര്‍ന്ന അഭിനേതാവുമായ തിലകനോടും ചെയ്തത് ഇതൊക്കെയാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ ആഷിഖ് അബു പറഞ്ഞു.