നടിയെ ആക്രമിച്ച കേസ് വിധി അറിയാന്‍ പ്രതി ദിലീപ് കോടതിയിലെത്തി

കേസിലെ പത്ത് പ്രതികളോടും വിധി ദിവസം കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Dileep, Dileep Remuneration, Dileep first remuneration in CInema, Dileep Remuneration in Cinema, ദിലീപിന്റെ പ്രതിഫലം, ദിലീപ്, ദിലീപ് ബെര്‍ത്ത് ഡേ, ദിലീപ് പ്രായം
Dileep
രേണുക വേണു| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (10:06 IST)

നടിയെ ആക്രമിച്ച കേസില്‍ വിധി അല്‍പ്പസമയത്തിനകം. എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പറയുക. എട്ടാം പ്രതിയായ നടന്‍ ദിലീപ് (പി.ഗോപാലകൃഷ്ണന്‍) വിധി കേള്‍ക്കാന്‍ കോടതിയിലെത്തി.

കേസിലെ പത്ത് പ്രതികളോടും വിധി ദിവസം കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് കോടതിയിലെത്തിയിരിക്കുന്നത്. വിധി പ്രസ്താവം തുടങ്ങും മുന്‍പ് ജഡ്ജി പ്രതികളോടു കോടതി മുറിയിലെ കൂട്ടില്‍ കയറി നില്‍ക്കാന്‍ ആവശ്യപ്പെടും.

ഗൂഢാലോചനക്കുറ്റത്തിനു മൂന്ന് മാസം ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച് മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്നിട്ട് ഏതാണ്ട് ഒന്‍പത് വര്‍ഷമാകുമ്പോഴാണ് കേസില്‍ വിധി വരുന്നത്. പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.

എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി) ആണ് കേസില്‍ ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം (വടിവാള്‍ സലീം), പ്രദീപ്, ചാര്‍ലി തോമസ്, പി.ഗോപാലകൃഷ്ണന്‍ (ദിലീപ്), സനില്‍കുമാര്‍ (മേസ്തിരി സനില്‍), ജി.ശരത്ത് എന്നിവരാണ് ഒന്ന് മുതല്‍ 10 വരെ പ്രതികള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :