Last Modified ഞായര്‍, 30 ജൂണ്‍ 2019 (15:08 IST)
കോടാലി ഉപയോഗിച്ച് എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് വാട്ടർ ടാങ്കിൽ നിന്ന് പിടികൂടി. എറണാകുളം ജില്ലയിലെ ഞാറയ്ക്കലിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വൈപ്പിൻ സ്വദേശി ആദര്‍ശ് ആണ് പിടിയിലായത്. ഞാറയ്ക്കലിലെ സ്കൂൾമുറ്റം എസ്ബിഐ എടിഎമ്മിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രതി ആദർശ് കവർച്ച നടത്താൻ ശ്രമിച്ചത്.
കൈവശം ഉണ്ടായിരുന്ന കോടാലി കൊണ്ട് കൗണ്ടർ വെട്ടിപൊളിക്കാൻ ശ്രമിക്കുന്നതിനിടെ അപായ സൂചന ബാങ്കിന്‍റെ കൺട്രോൾ റൂമിൽ ലഭിച്ചു. ഉടന്‍തന്നെ ബാങ്ക് അധികൃതർ വിവരം പോലീസിന് കൈമാറി. വിവരം ലഭിച്ച ഉടന്‍ ഞാറയ്ക്കൽ പൊലീസിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി കവർച്ച ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
പോലീസ് പ്രദേശത്ത് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ വീടിന് മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിലെ വെള്ളത്തിൽ ഇറങ്ങി നിന്ന നിലയിൽ ആദർശിനെ കണ്ടെത്തിയത്. ആദര്‍ശിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇയാള്‍ കവർച്ച നടത്താൻ ശ്രമിച്ച എടിഎം കൗണ്ടറിൽ ഫോറൻസിക് വിദഗ്ദർ പരിശോധന നടത്തി. ഇയാള്‍ ഇതിന് മുൻപ് ഏതെങ്കിലും മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്.