ആം ആദ്‌മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് ബിജെപിയിലേക്ക് ? പിറന്നാള്‍ ആഘോഷം ബി ജെ പി നേതാക്കള്‍ക്കൊപ്പം; ആശംസ നേരാതെ കെജ്‌രിവാള്‍

ന്യൂഡല്‍ഹി| JOYS JOY| Last Updated: വ്യാഴം, 11 ഫെബ്രുവരി 2016 (12:54 IST)

പ്രമുഖ ആം ആദ്‌മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. എ എ പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി ജെ പിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന് ബലം നല്കുന്നതായിരുന്നു കുമാര്‍ വിശ്വാസിന്റെ നാല്പത്തിയാറാം ജന്മദിനാഘോഷം. കഴിഞ്ഞ വര്‍ഷം, ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യനേതാക്കളായ അരവിന്ദ്‌ കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കും ഒപ്പം പിറന്നാള്‍ ആഘോഷിച്ച കുമാര്‍ വിശ്വാസ് ഇത്തവണ ബി ജെ പി നേതാക്കള്‍ക്ക് ഒപ്പമായിരുന്നു പിറന്നാള്‍ കേക്ക് മുറിച്ചത്.

ഡല്‍ഹി ചാണക്യപുരിയില്‍ നടന്ന പിറന്നാള്‍ പാര്‍ട്ടിയില്‍ ബി ജെ പി നേതാക്കളായ ഓം മാതുര്‍, വിജയ് ഗോയല്‍, കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതേസമയം, തനിക്ക് ഇത്തവണ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ഉള്ളവര്‍ ആശംസകള്‍ നേര്‍ന്നെന്നും അതിനര്‍ത്ഥം താന്‍ ആ പാര്‍ട്ടികളില്‍ ചേരുന്നു എന്നല്ലെന്നും കുമാര്‍ വിശ്വാസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞവര്‍ഷം, ഡല്‍ഹിയിലെ തെരഞ്ഞെടുപ്പു വിജയത്തിന്റെ ആഘോഷത്തിനൊപ്പം ആയിരുന്നു കുമാര്‍ വിശ്വാസ് പിറന്നാള്‍ ആഘോഷിച്ചത്. മനീഷ് സിസോദിയയ്ക്കും അരവിന്ദ് കെജ്‌രിവാളിനും ഒപ്പം ആം ആദ്‌മി പാര്‍ട്ടിയുടെ പട്ടേല്‍ നഗര്‍ ഓഫീസില്‍ വെച്ചായിരുന്നു അന്ന് പിറന്നാള്‍ ആഘോഷം. അന്ന്, പിറന്നാള്‍ കേക്ക് മുറിക്കാന്‍ കുമാര്‍ വിശ്വാസിനെ സഹായിച്ചതു കൂടാതെ കെജ്‌രിവാള്‍ ആശംസ അറിയിച്ച് ട്വീറ്റും ചെയ്തു.


എന്നാല്‍, ഇത്തവണ ഫെബ്രുവരി പത്തിന് നിരവധി ട്വീറ്റുകള്‍ കെജ്‌രിവാള്‍ ചെയ്തെങ്കിലും ഒന്നില്‍ പോലും കുമാര്‍ വിശ്വാസിന് പിറന്നാള്‍ ആശംസ ഉണ്ടായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :