രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത്, എന്നോട് ഇനിയൊന്നും ചോദിക്കേണ്ട: പൊട്ടിത്തെറിച്ച് കെ മുരളീധരന്‍

കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍‌ചാണ്ടി, K Muraleedharan, Mullappally Ramachandran, Ramesh Chennithala, Oommen Chandy
തിരുവനന്തപുരം| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (11:47 IST)
കെ പി സി സിക്ക് പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നതെന്നും തന്നോട് ഇനി അഭിപ്രായമൊന്നും ആരും ചോദിക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ എം‌പി. കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ കത്തിലാണ് മുരളീധരന്‍ തന്‍റെ രോഷം അറിയിച്ചത്.

ജനപ്രതിനിധികളെ തന്നെ പാര്‍ട്ടി ഭാരവാഹികളാക്കാനുള്ള നീക്കമാണ് മുരളീധരനെ ചൊടിപ്പിച്ചതെന്നാണ് വിവരം. മാത്രമല്ല, മുരളീധരന്‍ നിര്‍ദ്ദേശിച്ച പേരുകള്‍ക്ക് പരിഗണന നല്‍കിയില്ല എന്നതും രോഷപ്രകടനത്തിന് കാരണമായതായി അറിയുന്നു.

ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ കൂടിയാലോചന നടത്തുന്നില്ല. മുന്‍ കെ പി സി സി അധ്യക്ഷനായിട്ടുപോലും തന്നോട് ആലോചിച്ചിട്ടില്ല. എല്ലാം തീരുമാനിക്കുന്നത് രണ്ടോ മൂന്നോ പേരാണ്. ഇനി ഭാരവാഹികളായി ആരുടെയും പേര് നിര്‍ദ്ദേശിക്കാന്‍ താനില്ല. ആരും അഭിപ്രായം ചോദിക്കുകയും വേണ്ട - മുരളീധരന്‍ മുല്ലപ്പള്ളിക്കെഴുതിയ കത്തില്‍ പറയുന്നു.

ജനപ്രതിനിധികളെ തന്നെ ഭാരവാഹികളാക്കുന്നതിന്‍റെ രോഷവും മുരളീധരന്‍ മറച്ചുവച്ചില്ല. ജനപ്രതിനിധികളാകാനും പാര്‍ട്ടി ഭാരവാഹികളാകാനും ഒരേ നേതാക്കള്‍ തന്നെ മതിയെങ്കില്‍ ബാക്കി നേതാക്കളൊക്കെ എന്തിനാണെന്നാണ് മുരളി ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :