സി പി എം എറണാകുളം ജില്ലാ നേതാവിനെതിരായ ആരോപണം പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ശനിയാഴ്ച ചര്‍ച്ച ചെയ്തു. പ്രശ്നം സംസ്ഥാന കമ്മിറ്റിക്ക് വിടാന്‍ യോഗം തീരുമാനിക്കുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ചര്‍ച്ചയില്‍ പങ്കെടുത്തു.
നേതാവിന് പെരുമാറ്റദൂഷ്യം ഉണ്ടെന്ന പരാതി പാര്‍ട്ടിക്കകത്ത് നിന്ന് തന്നെയാണ് ഉയര്‍ന്നിരിക്കുന്നത്. നേതാവിനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന് ഔദ്യോഗികപക്ഷം വാദിച്ചു.
നേതാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രകമ്മിറ്റിക്കാണ് പരാതി ലഭിച്ചത്. എന്നാല്‍ പ്രശ്നം ജില്ലാതലത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പിണറായി വിഷയത്തെക്കുറിച്ച് പ്രതികരിച്ചില്ല. യോഗവിവരങ്ങള്‍ പരസ്യമാക്കരുതെന്ന് പിണറായി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആരോപണവിധേയനായ നേതാവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കടുത്ത വി എസ് പക്ഷക്കാരനായ നേതാവ് പിന്നീട് ഔദ്യോഗികപക്ഷത്തേക്ക് ചുവടുമാറുകയായിരുന്നു.