CBSE സ്കൂളിലും മലയാളം പഠിപ്പിച്ചേ തീരൂ!

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (10:32 IST)
സ്കൂളിലെ വിദ്യാഭ്യാസ പദ്ധതി എന്തായാലും സംസ്ഥാനത്തുള്ള എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിച്ചേ തീരൂ എന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. മലയാളം പഠിപ്പിക്കാത്ത വിദ്യാഭ്യാസ പദ്ധതികള്‍ പിന്തുടരുന്ന സി‌ബി‌എസ്‌ഇ, ഐ‌സിഎസ്‌ഇ സ്കൂളുകളിലും ഈ ഉത്തരവ് അനുസരിച്ച് മലയാള പഠനം നിര്‍ബന്ധമാകും. സ്കൂളുകളില്‍ എട്ടാം തരം വരെ മലയാളം ഒന്നാം ഭാഷയോ രണ്ടാം ഭാഷയോ ആക്കണം എന്നാണ് ഉത്തരവ്.

‘വിദ്യാഭ്യാസത്തിനുള്ള അവകാശം’ എന്ന നിയമത്തിന് കീഴിലാണ് മലയാള പഠനം നിര്‍ബന്ധമാ‍ക്കിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്. ഈ ഉത്തരവ് നടപ്പാക്കാത്ത സ്കൂളുകളുടെ ‘നോ ഒബ്ജക്ഷന്‍ സര്‍‌ട്ടിഫിക്കറ്റ്’ റദ്ദാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

സിബി‌എസ്‌സി സ്കൂളുകളില്‍ ഇപ്പോള്‍ ഹിന്ദിയും ഇംഗ്ലീഷുമാണ് പഠിപ്പിക്കുന്നത്. മലയാളം കൂടി നിര്‍ബന്ധ ഭാഷയാകുന്നതോടെ കുട്ടികള്‍ എട്ടാം ക്ലാസ് വരെ മൂന്ന് ഭാഷ പഠിക്കേണ്ട അവസ്ഥയില്‍ ആകുമെന്ന് സിബി‌എസ്‌സി സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പറയുന്നു. സംസ്കൃതം കൂടി ഉള്‍‌പ്പെടുത്തിക്കൊണ്ടുള്ള ഭാരതീയ വിദ്യാഭവന്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും സര്‍ക്കാര്‍ ഉത്തരവില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

മലയാളം നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് മികച്ച പ്രതികരണമാണ് മലയാളത്തെ സ്നേഹിക്കുന്നവരില്‍ നിന്ന് ലഭിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഒന്നാം തരം വിദ്യാര്‍ത്ഥികളായും രണ്ടാം തരം വിദ്യാര്‍ത്ഥികളായും തരം തിരിക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ക്ക് കിട്ടിയ ആദ്യത്തെ അടിയാണിതെന്ന് ഭാഷാസ്നേഹികള്‍ അഭിപ്രായപ്പെടുന്നു. ഉത്തരവിലെ പഴുതുകള്‍ കണ്ടെത്തി, മലയാളം ഒഴിവാക്കാന്‍ ചിലര്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :