ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ വേഗത്തില്‍ വിചാരണ ചെയ്യുന്നതിന് സംസ്ഥാനത്ത് 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍: പ്രവര്‍ത്തനം ജൂലൈ ഒന്നു മുതല്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 1 ജൂലൈ 2020 (18:22 IST)
ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമപ്രകാരമുള്ള കേസുകളും (പോക്സോ) ബലാല്‍സംഗകേസുകളും വേഗത്തില്‍ വിചാരണ ചെയ്ത് തീര്‍പ്പുകല്‍പ്പിക്കുന്നതിന് സംസ്ഥാനത്ത് ആരംഭിക്കുന്ന 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ചേര്‍ന്ന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

കോടതികളുടെ പ്രവര്‍ത്തനം ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും. പോക്സോ കേസുകളും ബലാല്‍സംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 പ്രത്യേക കോടതികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ 17 എണ്ണമാണ് ഇപ്പോള്‍ തുടങ്ങുന്നത്. 2020 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7600 പോക്സോ കേസുകളും 6700 ബലാല്‍സംഗ കേസുകളും നിലവിലുണ്ട്.

കുട്ടികള്‍ക്കെതിരായുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ കാരണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം കാരണങ്ങള്‍ സമഗ്രമായി വിലയിരുത്താനും അതിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :