വയനാട്ടിലെ മുഴുവൻ സ്കൂളുകളും അടിയന്തരമായി വൃത്തിയാക്കണമെന്ന് ഉത്തരവ്; നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി

വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ പാദരക്ഷ ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിലുണ്ട്.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 22 നവം‌ബര്‍ 2019 (07:47 IST)
വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും അടിയന്തരമായി വൃത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. ക്ലാസ് മുറികളില്‍ വിഷജന്തുക്കള്‍ കയറുന്നതിനുള്ള സാഹചര്യമില്ലെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ പാദരക്ഷ ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിലുണ്ട്.

വയനാട് പുത്തൻകുന്ന് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ ആണ് കഴിഞ്ഞ ദിവസം ക്ലാസില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ക്ലാസ്റൂമിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്നാണ് ഷഹ്‌ലക്ക് പാമ്പ് കടിയേറ്റത്.പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴിനില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു.

സംഭവത്തില്‍ ഷിജില്‍ എന്ന അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടർന്നാണ് നടപടിയെടുത്തത്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷനും മനുഷ്യാവാകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. സ്കൂളിനെതിരെയും അധ്യാപകര്‍ക്കെതിരെയും വ്യാപകമായ പ്രതിഷേധമാണുയരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :