അപര്‍ണ|
Last Modified ബുധന്‍, 28 മാര്‍ച്ച് 2018 (12:14 IST)
കേരളത്തിന് അഭിമാനിക്കാം. സംസ്ഥാനത്ത് ജാതിയുടെയോ മതത്തിന്റേയോ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍. വരും കാലങ്ങള്‍ ഈ കുരുന്നുകളുടെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ് ഈ അധ്യായന വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുന്നത്. ഈ കണക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
2017-18 അധ്യയന വര്‍ഷത്തില്‍ 1,23,630 കുട്ടികള്‍ തങ്ങളുടെ മതവും ജാതിയും തിരഞ്ഞെടുക്കാതെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടാം വര്‍ഷത്തില്‍ 239 കുട്ടികളും ഒന്നാം വര്‍ഷത്തില്‍ 278 കുട്ടികള്‍ മത-ജാതിരഹിതരാണ്.
നിയമസഭയുടെ ചോദ്യോത്തരവേളയില്‍ വാമനപുരം, എംഎല്‍എ, ഡികെ മുരളി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നല്‍കിയ കണക്കിലാണ് മതവും ജാതിയുമില്ലാത്ത ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ കേരളത്തില്‍ ഉണ്ടെന്ന് വ്യക്തമാകുന്നത്.
ജനനരേഖകളിലും സ്‌കൂള്‍ രേഖകളിലും ജാതിയില്ല/ മതമില്ല എന്ന് രേഖപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അവസരം ഒരുക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, തങ്ങളുടെ മക്കള്‍ സ്വതന്ത്രരായി വളരട്ടെ എന്ന നിലപാടിലേക്ക് കൂടുതല്‍ രക്ഷിതാക്കള്‍ എത്തിയെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്.