കണ്ണൂര്‍|
Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (21:16 IST)
ദളിത് പെണ്‍കുട്ടികളെയും ഒന്നരവയസുള്ള കുട്ടിയെയും ജയിലില്‍ അടച്ചതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തുടരുകയാണ്. ഈ വിഷയത്തില്‍ അങ്ങനെ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കുട്ടി ജയില്‍ പോകുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നും പിണറായി പറഞ്ഞു.
ഒരു കുട്ടി ആദ്യമായല്ല ജയിലില്‍ പോകുന്നത്. മുമ്പ് ആദിവാസിക്കുട്ടികള്‍ അടക്കം ജയിലില്‍ പോയ സംഭവം ഉണ്ടായിട്ടുണ്ട്. കുട്ടി തനിച്ചല്ലല്ലോ അമ്മയുടെ കൂടെയല്ലേ പോയതെന്നും പിണറായി ചോദിച്ചു.
ആരുടെയെങ്കിലും പരാമര്‍ശത്തിന്റെ പേരില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയല്ല ചെയ്യേണ്ടിയിരുന്നതെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. വിവാദത്തിന് പിന്നില്‍ സ്ഥാപിതമായ താല്‍പ്പര്യങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണെമെന്നും മന്ത്രി വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് എതിര്‍ക്കേണ്ട കാലമാണെന്നും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നും ഇതിന് നിയമപരമായ നടപടി കൈകൊള്ളുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കുമെതിരെ പരാതിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.
അറസ്റ്റിനേക്കാള്‍ തങ്ങളെ വേദനിപ്പിച്ചതും നേതാക്കളുടെയും അനുഭാവികളുടെയും വ്യാജ പ്രചാരണങ്ങളാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. എന്‍ രാജന്റെ മകള്‍ അഞ്ജന(25)യെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു യുവതി.