“എന്‍റെ രണ്ടാം മുഖം കണ്ട ഒരാള്‍ പൂജപ്പുര ജയിലില്‍”

പത്തനാപുരം| WEBDUNIA|
PRO
ഒരേസമയം മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും ഇരട്ടമുഖം പ്രദര്‍ശിപ്പിച്ചയാളാണ് വി എസ് അച്യുതാനന്ദന്‍ എന്ന എ കെ ആന്‍റണിയുടെ ആക്ഷേപത്തിന് വി എസിന്‍റെ മറുപടി. തന്‍റെ രണ്ടാം മുഖം കണ്ട ഒരാള്‍ ഇപ്പോള്‍ ജയിലിലാണെന്നായിരുന്നു വി എസിന്‍റെ പ്രതികരണം.

“2001ല്‍ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്ന് പ്രതിപക്ഷനേതാവായിരുന്ന എന്‍റെ രണ്ടാം മുഖം അദ്ദേഹം കണ്ടതാണ്. ആ രണ്ടാം മുഖത്തെപ്പറ്റി അറിയാവുന്ന ഒരാള്‍ ഇന്ന് പൂജപ്പുര ജയിലില്‍ അഴിയെണ്ണുകയാണ്” - ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയെ ഉദ്ദേശിച്ച് വി എസ് പറഞ്ഞു.

പത്തനാപുരത്ത് എല്‍ ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍‌വെന്‍‌ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറുകോടി രൂപയാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി എ ഐ സി സി ചെലവഴിക്കുന്നതെന്ന് വി എസ് ആരോപിച്ചു. എ ഐ സി സിക്ക് എവിടെനിന്നാണ് ഇത്രയും തുക? 2ജി, കോമണ്‍‌വെല്‍ത്ത് ഗെയിംസ്, ഐ എസ് ആര്‍ ഒ എന്നീ അഴിമതി ഇടപാടുകളില്‍ നിന്ന് സമ്പാദിച്ച പണം കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇറക്കുകയാണെന്ന് വി എസ് പറഞ്ഞു.

വോട്ടെണ്ണല്‍ നടക്കുന്ന മേയ് 13ന് യു ഡി എഫ് നേതാക്കളുടെ കൂട്ടക്കരച്ചില്‍ കേള്‍ക്കാനാകുമെന്നും വി എസ് പരിഹസിച്ചു. യു ഡി എഫ് നേതാക്കള്‍ ആയിരം ഹെലികോപ്റ്ററില്‍ പറന്നാലും എല്‍ ഡി എഫിനെ പരാജയപ്പെടുത്താനാവില്ല. ഹെലികോപ്റ്ററിലും വിമാനത്തിലും പറന്നു നടക്കുന്നവര്‍ക്ക് ഉടന്‍ താഴെ ഇറങ്ങേണ്ടി വരും. എല്‍ ഡി എഫ് ഈ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും - വി എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :