വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദങ്ങള്‍ക്കുള്ള വിശദീകരണവുമായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. വി എസ് മത്സരിക്കേണ്ടെന്ന് സി പി എം തീരുമാനിച്ചിരുന്നില്ലെന്നും എല്ലാം മാധ്യമസൃഷ്‌ടിയാണെന്നുമാണ് കോടിയേരി വ്യക്തമാക്കിയത്. പ്രതിഷേധ പ്രകടനങ്ങള്‍ കണക്കിലെടുത്തല്ല വി എസിനെ പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് വിവിധതലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇതുപ്രകാരം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു.
അല്ലാതെ, കുറെ ആളുകള്‍ പ്രകടനം നടത്തിയതുകൊണ്ട് ആരെയെങ്കിലും മത്സരിപ്പിക്കുക എന്ന രീതി പാര്‍ട്ടിയില്‍ ഇല്ലെന്ന് കോടിയേരി പറഞ്ഞു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പാര്‍ട്ടിയല്ല സി പി എം എന്നും അദ്ദേഹം പറഞ്ഞു. വി എസ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് എല്ലാ രീതിയിലുമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തന്നെയാണെന്നും കോടിയേരി പറഞ്ഞു.