തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 24 ജൂണ്‍ 2010 (19:32 IST)
PRO
വിദേശയാത്രാ വിവാദത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ഐ ജി ടോമിന്‍ തച്ചങ്കരി ഖത്തറില്‍ തീവ്രവാദ ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം ആവശ്യപ്പെട്ടു കേന്ദ്രത്തിന് കത്തയച്ചത്.
തച്ചങ്കരിയുടെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ തീവ്രവാദ ബന്ധമുള്ളവരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടെന്നും ഗുരുതരമായ ഈ നടപടികളെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടിയിലാണ് വിഷയം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു കേരളം ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ വിവരങ്ങള്‍ അനുസരിച്ച് തച്ചങ്കരിയ്ക്കെതിരെ നടപടിയെടുക്കാനാവുമെങ്കിലും ഇത് കോടതിയില്‍ നിലനില്‍ക്കണമെന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കേസായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് അന്വേഷിക്കുന്നതിനു പരിമിതികളുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലഷ്കര്‍ ഭീകരന്‍ തടിയന്‍റവിട നസീറിന്‍റെ കൂട്ടാളികളെ അന്വേഷിച്ച് ഐജി ടോമിന്‍ തച്ചങ്കരി ഖത്തര്‍ സന്ദര്‍ശിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുഖ്യ ആരോപണം.
ഭീകരവാദ ബന്ധമുള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതിനുള്ള സഹായം ടോമിന്‍ തച്ചങ്കരി വാഗ്ദാനം ചെയ്‌തെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ആഭ്യന്തരമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.