തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 9 ഒക്‌ടോബര്‍ 2010 (14:56 IST)
PRO
കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വയലാര്‍ അവാര്‍ഡ്. അദ്ദേഹത്തിന്‍റെ ‘ചാരുലത’ എന്ന കവിതാസമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. 25000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
എം തോമസ് മാത്യു, കെ എസ് രവികുമാര്‍, എസ് വി വേണുഗോപാലന്‍ നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ഇത്തവണത്തെ വള്ളത്തോള്‍ പുരസ്കാരവും വിഷ്ണുനാരായണന്‍ നമ്പൂതിരിക്കായിരുന്നു.
പി സ്മാരക കവിതാ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിശിഷ്ട അംഗത്വം നല്കി കേരള സാഹിത്യ അക്കാദമി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ആദരിച്ചിട്ടുണ്ട്.
മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം നല്‍കിയ കവിയായാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി വിലയിരുത്തപ്പെടുന്നത്. പാരമ്പര്യവും ആധുനികതയും വിദഗ്ധമായി സമ്മേളിപ്പിക്കുകയാണ് അദ്ദേഹം തന്‍റെ കാവ്യപ്രവര്‍ത്തനത്തിലൂടെ ചെയ്തത്. പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, അപരാജിത എന്നിവയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രധാനകൃതികള്‍.