ആലപ്പുഴ|
WEBDUNIA|
Last Modified തിങ്കള്‍, 23 ജനുവരി 2012 (20:36 IST)
കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ചുള്ള യോഗത്തില്‍ കോണ്‍ഗ്രസ് - കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. കൊടിക്കുന്നില്‍ സുരേഷ് എം പിയെ ‘ഇറെസ്പോണ്സിബിള് എം പി’ എന്ന് പി ജെ ജോസഫ് വിശേഷിപ്പിച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹളം വച്ചത്. തുടര്‍ന്ന് തമ്മിലടിയായി.
എന്നാല്‍ താന്‍ ‘യു ആര് എ റെസ്പോണ്സിബിള് എം പി’ എന്നാണ് പറഞ്ഞതെന്നും കൊടിക്കുന്നില്‍ അത് ‘ഇറെസ്പോണ്സിബിള്’ എന്ന് കേള്‍ക്കുകയായിരുന്നു എന്നും പി ജെ ജോസഫ് വിശദീകരിച്ചു. എന്നാല്‍ ഈ വിശദീകരണമൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടുകയായിരുന്നു.
പി ജെ ജോസഫാണ് കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ച് യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തിനെത്തിയ കൊടിക്കുന്നില്‍ സുരേഷ് ഒരു ഘട്ടത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചത് പി ജെ ജോസഫിനെ പ്രകോപിപ്പിച്ചു. ‘മുല്ലപ്പെരിയാര്‍ വിഷയത്തെ നിസാരമായി കാണരുത്. യു ആര് എ റെസ്പോണ്സിബിള് എം പി’ എന്ന് ഓര്‍മ്മിപ്പിച്ചതാണ് കുഴപ്പമായത്. ‘ഇറെസ്പോണ്സിബിള് എം പി’ എന്നാണ് വിളിച്ചതെന്ന് ധരിച്ച് കൊടിക്കുന്നില്‍ സുരേഷ് ബഹളം വച്ചു. തുടര്‍ന്ന് ജോസഫും കൊടിക്കുന്നിലും തമ്മില്‍ വലിയ വാക്കേറ്റം നടന്നു. ഇതിന് ശേഷമാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.