സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന അവസരത്തില്‍ ജില്ലാ കലക്ടര്‍മാര്‍ സ്വന്തം നിലയ്ക്കുളള ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ജില്ലാ കലക്ടര്‍മാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കുകയാണ് വേണ്ടത്. അതിന് നടപടിക്രമങ്ങളും ചട്ടങ്ങളും തടസമാകരുത്. കലക്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി.
അനധികൃത കയ്യേറ്റത്തിനെതിരെ കര്‍ശനനടപടി സ്വീകരിക്കണം. ബലപ്രയോഗം ഒഴിവാക്കി വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജുകള്‍ നടപ്പാക്കുന്നതിന്റെ ചുമതല കലക്ടര്‍മാര്‍ക്കാണ്.
സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം മണല്‍ക്ഷാമമാണ്. പരിസ്ഥിതിക്ക് ആപത്തുണ്ടാക്കാതെ അത് പരിഹരിക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.