സ്വയം നിയന്ത്രണം ശക്തിപ്പെടണം - മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം| M. RAJU|
ഇലക്ട്രോണിക്‌ മാധ്യമ രംഗത്ത്‌ കൂടുതല്‍ സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്‌ വേണ്ടതെന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ യോഗം അഭിപ്രായപ്പെട്ടു.

ബ്രോഡ്കാസ്റ്റിംഗ്‌ റഗുലേഷന്‍ ബില്ലിനെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. ഈ രംഗത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമല്ലെന്നും മാധ്യമ പ്രതിനിധികള്‍ പറഞ്ഞു. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളോ മറ്റ്‌ അതോറിറ്റികളോ രൂപീകരിക്കുന്ന നിയമങ്ങളും നിബന്ധനകളും ദുരുപയോഗം ചെയ്യപ്പെടാനും മാധ്യമ സ്വാതന്ത്രത്തിന്‍മേലുള്ള വിലങ്ങുതടിയാകാനും സാദ്ധ്യതയുണ്ടെന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു.

മാധ്യമരംഗത്തെ കുത്തകവല്‍ക്കരണത്തിന്‌ തടയിടാനായുള്ള ബില്ലിലെ വ്യവസ്ഥകള്‍ സ്വാഗതാര്‍ഹമാണെങ്കിലും ബില്‍ വിഭാവനം ചെയ്യുന്ന റഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാം എന്ന്‌ സി.ഗൗരീദാസന്‍ നായര്‍ (ഹിന്ദു) പറഞ്ഞു.

ദേശീയ തലത്തില്‍ മീഡിയ കമ്മിഷന്‍ രൂപീകരിച്ച്‌ അഭിപ്രായം തേടിയശേഷം ബില്‍ പുനരാവിഷ്കരിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജന താല്‍പര്യപ്രകാരം പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന പരസ്യങ്ങളുടെ ആശയം മാത്രം സര്‍ക്കാര്‍ നല്‍കിയാല്‍ മതിയാകും എന്ന്‌ കെ.പി.മോഹനന്‍ (ഏഷ്യാനെറ്റ്‌) അഭിപ്രായപ്പെട്ടു.

ആവിഷ്കാര സ്വാതന്ത്ര്യം അതാത്‌ ചാനലുകള്‍ക്ക്‌ നല്‍കുന്നത്‌ കൂടുതല്‍ വൈവിദ്ധ്യ പൂര്‍വ്വമായ സൃഷ്ടികള്‍ക്ക്‌ അവസരമൊരുക്കുമെന്നും അദേഹം പറഞ്ഞു. സര്‍ക്കാരിന് അമിതമായ അധികാരം നല്‍കുന്നു എന്നതാണ്‌ ബില്ലിനെതിരെയുള്ള പ്രധാന ആരോപണമെന്ന്‌ ദൂര്‍ദര്‍ശന്‍ മുന്‍ ഡി.ഡി.ജി. കെ.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

മാധ്യമങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച്‌ വേണം നിയന്ത്രണ അതോറിറ്റി രൂപീകരിക്കേണ്ടതെന്ന്‌ ഒ.അബ്ദുറഹിമാന്‍, (എഡിറ്റര്‍, മാധ്യമം) പറഞ്ഞു. ഇന്ത്യയില്‍ ഇലക്ട്രോണിക്‌ മാധ്യമ രംഗം ശൈശവാവസ്ഥ പിന്നിടുന്നതേയുള്ളൂവെന്നും കാലക്രമേണ കുറവുകള്‍ പരിഹരിച്ച്‌ മുന്നോട്ട്‌ പോകാന്‍ കഴിയുമെന്നും ജോണി ലൂക്കോസ്‌ (മനോരമ ടി.വി) അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥ മോധാവിത്വവും, രാഷ്ട്രീയ പക്ഷപാതിത്വവും ഇല്ലാത്ത നിയന്ത്രണ സംവിധാനങ്ങളാണ്‌ മാധ്യമരംഗത്ത്‌ ആവശ്യമെന്ന്‌ തോമസ്‌ ജേക്കബ്‌ (മനോരമ) പറഞ്ഞു. സ്വയം നിയന്ത്രണ സംവിധാനമാണ്‌ ഈ രംഗത്ത്‌ ഏറ്റവും ഫലപ്രദമെന്നും അദേഹം പറഞ്ഞു.

കുഞ്ഞിക്കണ്ണന്‍ (കെ.യു.ഡബ്ല്യൂ.ജെ), ടി.ചാമിയാര്‍, ജി.സാജന്‍, ഡോ.കെ.അമ്പാടി (ദൂരദര്‍ശന്‍), കെ.ജ്യോതിഷ്കുമാര്‍ (എ.ഐ.ആര്‍), ജി.കെ.സുരേഷ്‌ ബാബു (അമൃത ടി.വി), എന്‍.പി.ചന്ദ്രശേഖരന്‍ (കൈരളി), ഐ ആന്‍റ് പി.ആര്‍.ഡി ഡയറക്ടര്‍ പി.വേണുഗോപാല്‍, ഡപ്യൂട്ടി ഡയറക്ടര്‍മാരായ എ.ഫിറോസ്‌, പി.എസ്‌. സുരേഷ്‌ സംബന്ധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :