സ്മാര്‍ട്ട്‌സിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (08:56 IST)
സ്മാര്‍ട്ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഒന്‍പത് മാസങ്ങള്‍ക്കുശേഷമാണ് സ്മാര്‍ട്ട്‌സിറ്റി ബോര്‍ഡ് യോഗം വീണ്ടും ചേരുന്നത്. പദ്ധതിയിലെ അനിശ്ചിതത്വം തീര്‍ക്കുന്നതിന് ഇന്നത്തെ യോഗത്തില്‍ ഫോര്‍മുല തയ്യാറാകുമെന്നാണ് പ്രതീക്ഷ.

പദ്ധതി നടപ്പാകുന്ന ടീകോമും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം മുലമാണ് പദ്ധതി അനിശ്ചിതമായി നീളുന്നത്. നേരത്തെ ടീകോം പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഉപാധികളോടെ 12 ശതമാനം ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.

ഡിസംബര്‍ 31നകം പ്രശ്നം പരിഹരിക്കണമെന്ന് ടീകോം അധികൃതര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂമിയുടെ അവകാശം സംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തിലുള്ള സംഘം ടീകോമുമായി ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയത്. തുടര്‍ന്നാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആലോചിക്കാന്‍ തീരുമാനമായത്. പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമായേക്കും.

12 ശതമാനം ഭൂമിയില്‍ വില്‍പ്പനാവകാശം ഇല്ലാതെ സ്വതന്ത്രാവകാശം നല്‍കാമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഇതിന് ടീകോം അധികൃതരും സമ്മതിച്ചതായാണ് സൂചന. ടീകോമുമായി നേരത്തെ ഒപ്പുവച്ച പാട്ടക്കരാര്‍ രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം റദ്ദായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില്‍പ്പനാവകാശം ഒഴികെയുള്ള സ്വതന്ത്രാവകാശ ഭൂമി അനുവദിക്കുന്നതു കൂടി ഉള്‍പ്പെടുത്തി പുതിയ കരാര്‍ ഒപ്പുവയ്ക്കുന്ന കാര്യത്തില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.

സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മ, സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍, ഐടി സെക്രട്ടറി ഡോ. അജയ്കുമാര്‍, ടീകോം ഫിനാന്‍സ് ഡയറക്റ്റര്‍ അനിരുദ്ധ ഡാംകെ തുടങ്ങിയവര്‍ ഇന്നത്തെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കും. നാളെ ചീഫ് സെക്രട്ടറി നീല ഗംഗാധരനുമായി സ്മാര്‍ട്ട്‌സിറ്റി അധികൃതര്‍ ചര്‍ച്ച നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :