കാമുകനെ പിന്നില്‍ വച്ച് സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതി ദാരുണമായി കൊല്ലപ്പെട്ടു. എറണാകുളത്ത് ബ്യൂട്ടിഷ നായി ജോലി ചെയ്തിരുന്ന കാസര്‍കോട് കാമ്പല്ലൂര്‍ കരിമ്പല്‍ വീട്ടില്‍ ശ്രീലതയാണ് (38) കലൂര്‍- കതൃക്കടവ് റോഡില്‍ ഇഗ്നോ സെന്ററിന് സമീപം കൊല്ലപ്പെട്ടത്. കാമുകനായ എറണാകുളം ചിലവന്നൂര്‍ റിന്‍ഷാദ് (34) സ്കൂട്ടറോടിച്ചിരുന്ന ശ്രീലതയുടെ കഴുത്തറുക്കുകയായിരുന്നു. ശ്രീലതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ - എറണാകുളത്ത് ബ്യൂട്ടിഷനായി ജോലി ചെയ്യുകയാണ് ശ്രീലത. എറണാകുളത്തുള്ള വളം കമ്പനിയിലെ പ്യൂണായി ജോലി നോക്കുന്ന റിന്ഷാദുമായി ശ്രീലത ഏറെ നാളുകളായി അടുപ്പത്തിലാണ്. തുടര്‍ന്ന് വിവാഹം ചെയ്യാതെ തന്നെ ഇരുവരും കടവന്ത്രയില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഇരുവരും കടവന്ത്രയില്‍ നിന്ന് കലൂരിലേക്ക് പോവുമ്പോഴാണ് കൊല നടന്നത്. സ്കൂട്ടര്‍ വേഗത കുറച്ചപ്പോള്‍ റിന്‍ഷാദ് കരുതിയിരുന്ന കത്തിയെടുത്ത് ശ്രീലതയുടെ കഴുത്ത് അറുക്കുകയായിരുന്നു. ശ്രീമതി ബോധമറ്റ് വീണതോടെ റിന്‍ഷാദ് സ്കൂട്ടറുമായി കടന്നു. ചോരയില്‍ കുളിച്ച ശ്രീലതയെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുടുങ്ങിയെന്ന് മനസിലായ റിന്‍ഷാദ് പിന്നീട് നോര്‍ത്ത് സ്റ്റേഷനില്‍ കീഴടങ്ങി. കൊലപാതകം നേരില്‍ കണ്ട വഴിയാത്രക്കാരിയായ തമിഴ്നാട് സ്വദേശിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നേരില്‍ കണ്ട വഴിയാത്രക്കാരായ രണ്ട് യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിന്‍ഷാദിനെ തിരിച്ചറിഞ്ഞത്.