മുരിക്കാശേരിയില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. മുരിക്കാശേരി പുതിയ വീട്ടില്‍ ബാബു, കുരുവിക്കാട്ടില്‍ അജീഷ്, തേലമരത്തില് സുബിന് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി മഠത്തില്‍ വീട്ടില്‍ സുബിന് ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
വീട്ടിലെത്തിയ യുവാക്കളുടെ സംഘം ഉപദ്രവിച്ചെന്നും നാലു പവന്റെ മാല മോഷ്ടിച്ചെന്നും മാത്രമാണ് വീട്ടമ്മ മൊഴി നല്‍കിയതെന്ന് മുരിക്കാശേരി പൊലീസ് പറഞ്ഞു. ഇതു പ്രകാരം പ്രതികള്‍ക്കെതിരെ തിങ്കളാഴ്ച തന്നെ കേസെടുത്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, വീടുകയറി ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, മുരിക്കാശേരിയില്‍ വീട്ടമ്മയെ പീഡിപ്പച്ചെന്ന സംഭവം ശ്രദ്ധയില്‍പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വിഷുദിവസമാണ് സംഭവം നടന്നത്. വിഷുദിനം ആഘോഷിക്കാന്‍ മകന്റെ രണ്ടു സുഹൃത്തുക്കള്‍ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ വീട്ടില്‍ ബഹളം വച്ചപ്പോള്‍ വീട്ടമ്മ ഇവരെ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ മറ്റു മൂന്നുപേരെ കൂട്ടികൊണ്ടു വന്ന് ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇവരുടെ മാലയും യുവാക്കള്‍ മോഷ്ടിച്ചു. ഈ സമയം മക്കള്‍ ആരും അവിടെ ഉണ്ടായിരുന്നില്ല.