ഗവേഷണ വിദ്യാര്‍ത്ഥിനി ഇന്ദുവിന്റെ മരണത്തില്‍ കാമുകന് സുഭാഷിന് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ദു ട്രെയിനില്‍ നിന്ന് ആലുവ പുഴയിലേക്ക് വീണ വിവരം സുഭാഷ് അറിഞ്ഞിട്ടുണ്ടെന്ന നിഗമനത്തിലാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനായി സുഭാഷിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കും എന്നാണ് റിപ്പോര്‍ട്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇന്ദു കന്യക ആയിരുന്നില്ല എന്ന് വ്യക്തമായിട്ടുണ്ട്. ഇന്ദുവും താനും രണ്ട് വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നെന്നും ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും സുഭാഷ് തന്നെ പൊലീസിനോട് വ്യക്തമാക്കിയിട്ടുമുണ്ട്.
ട്രെയിനില്‍ നിന്ന് ഒരു പെണ്‍കുട്ടി പുഴയിലേക്ക് വീഴുന്നത് കണ്ടിരുന്നതായി ആലുവാപ്പുഴയില്‍ അപ്പോഴുണ്ടായിരുന്ന മണല്‍വാരല്‍ തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇവരെ ക്രൈം ബ്രാഞ്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നാണ് അറിയുന്നത്. ഇന്ദു പുഴയിലേക്ക് വീഴുന്ന സമയത്ത് വാതില്ക്കല് ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നെന്നും ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇത് സുഭാഷ് തന്നെ ആയിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിരിക്കുന്നത്. ഇന്ദു പുഴയില്‍ വീണതിന് പിന്നാലെ സുഭാഷ് തന്റെ ബര്‍ത്തില്‍ വന്ന് കിടക്കുകയും രാവിലെ ഒന്നും അറിയാത്തത് പോലെ അഭിനയിച്ച് കോഴിക്കോട് റെയില്‍വെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതാവാം എന്നും സംശയിക്കപ്പെടുന്നുണ്ട്.
അതേസമയം ഈ കേസ് ആദ്യം അന്വേഷിച്ച റെയില്‍വെ പൊലീസ് ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.