സീറ്റുവിഭജനം ചര്‍ച്ച ചെയ്തില്ല

തിരുവനന്തപുരം| WEBDUNIA|
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റു വിഭജനം ചര്‍ച്ച ചെയ്യാതെ ഇടതു മുന്നണിയോഗം പിരിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റു വിഭജനവും ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇന്ന് ഇടതുമുന്നണി യോഗം ചേര്‍ന്നത്.

എന്നാല്‍, സീറ്റു വിഭജനം ചര്‍ച്ച ചെയ്താല്‍ ഘടകകക്ഷികളുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും അത് യോഗത്തില്‍ ബഹളത്തിനു കാരണമാകുകയും ചെയ്യും എന്നതിനാലാണ് ചര്‍ച്ച നടത്താതിരുന്നത്. ആദ്യം സി പി എം നേതൃത്വം ഓരോ ഘടകകക്ഷികളെയും നേരിട്ട് കണ്ട് സീറ്റ് വിഭജനകാര്യം ചര്‍ച്ച ചെയ്യുന്നതിനാണ് തീരുമാനം.

ഇന്നു ഉച്ചയ്ക്കു ശേഷം ജനതാദളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. നാളെ സി പി ഐയുമായും ആര്‍ എസ് പി യുമായും ചര്‍ച്ച നടത്തും.

സി പി ഐ യുടെ സീറ്റായ പൊന്നാനിയും, ജനതാദളിന്‍റെ സീറ്റായ കോഴിക്കോടും സി പി എം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തങ്ങള്‍ മത്സരിച്ചുവരുന്ന സീറ്റ് വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് രണ്ടു ഘടകകക്ഷികളും പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ്, ഘടക കക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :