WEBDUNIA|
Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (11:21 IST)
കണ്ണൂര്‍: ആയിരക്കണക്കിന് കേസുകള്‍ പരിശോധിക്കുന്ന ഏജന്‍സിയാണ് സി ബി ഐയെന്നും അവര്‍ക്ക് തെറ്റു സംഭവിക്കാമെന്നും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. എന്നാല്‍ സി ബി ഐ അന്വേഷിക്കുന്ന എല്ലാ കേസും അതുപോലെയാണെന്ന് കരുതേണ്ടെന്നും ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപെടാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള രക്ഷാമാര്‍ച്ചിന്‍റെ ഭാഗമായി കണ്ണൂര്‍ ഡി സി സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷാപെടാമെന്ന് പിണറായി വിജയനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കരുതേണ്ട. ജനങ്ങള്‍ പിണറായിയെ വെറുതെ വിടില്ല. കേരള രക്ഷാമാര്‍ച്ചിന് ജനങ്ങള്‍ അഭൂതപൂര്‍വ്വമായ പിന്തുണയാണ് നല്‍കുന്നത്. സര്‍ക്കാരിനെതിരായ ജനവികാരമാണ് കാണാന്‍ കഴിയുന്നത്. ഇത് സി പി എം പ്രവര്‍ത്തകരെ അസഹിഷ്‌ണുക്കളാക്കിയിട്ടുണ്ട്.
വിഴിഞ്ഞം കരാര്‍ രണ്ടാം ലാവ്‌ലിനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രി എം വിജയകുമാറും സി പി എമ്മും ഇക്കാര്യത്തില്‍ നിലപാട് വ്യക്‌തമാക്കണം. ഇതിലെ അഴിമതിയെ കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കണം.
സംസ്ഥാനത്തിന് ഈ കരാര്‍ മൂലം 332 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സര്‍ക്കാര്‍ ക്രമക്കേട് നടത്തിയിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഈ ഇടപാടിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിഴിഞ്ഞത്തുണ്ടായ സ്ഥലം വിവാദം ഇതിനുദാഹരണമാണെന്നും ചെന്നിത്തല ആരോപിച്ചു.
കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വിദര്‍ഭ മോഡല്‍ പാക്കേജ് കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. കണ്ണൂരില്‍ പ്രതിസന്ധിയിലായ കൈത്തറി യൂണിറ്റുകളെ സംരക്ഷിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.