ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 14 ഫെബ്രുവരി 2009 (15:09 IST)
സംസ്ഥാനത്ത് സി പി എം പൊട്ടിത്തെറിയുടെ വക്കിലെന്ന് സൂചന. നിര്‍ണായകമായ പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ ആദ്യ സെഷന്‍ അവസാനിച്ചപ്പോഴും ലാവ്‌ലിന്‍ കേസിലെ നിലപാട് സംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊള്ളാന്‍ പി ബിക്ക് കഴിഞ്ഞിട്ടില്ല. തികഞ്ഞ അസന്തുഷ്ടനായാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ കാണാനായത്.
ചര്‍ച്ചകള്‍ ഉച്ചയ്ക്ക് ശേഷവും തുടരും. എന്നാല്‍ വ്യക്തമായ ഒരു ഒത്തുതീര്‍പ്പു ഫോര്‍മുല ഇതുവരെയും ഉരുത്തിരിഞ്ഞിട്ടില്ല എന്നത് ആശങ്കകള്‍ ഉണര്‍ത്തിയിരിക്കുകയാണ്. പിണറായി വിജയനെതിരായ എന്തെങ്കിലും നടപടിക്ക് പി ബി മുതിരില്ല എന്ന് വ്യക്തമാണ്. എന്നാല്‍ ഒരു അന്വേഷണ കമ്മീഷനെ ഏര്‍പ്പെടുത്തി താല്‍ക്കാലിക ശമനം ഉണ്ടാക്കാമെന്നാണ് പ്രകാശ് കാരാട്ടുള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. പക്ഷേ, ഇത്തരം താല്‍ക്കാലിക ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാന്‍ വി എസ് തയ്യാറായേക്കില്ല.
വി എസ് പാര്‍ട്ടി വിട്ട് പുറത്തുവരുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനത്തെ വി എസ് പക്ഷ പ്രവര്‍ത്തകരും തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെ രാത്രിയിലും സംസ്ഥാനത്തെ പലയിടങ്ങളിലും വി എസ് പക്ഷത്തിന്‍റെ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നതായാണ് വിവരം.
ബുദ്ധദേബ് ഭട്ടാചാര്യ, ബിമല്‍ ബസു തുടങ്ങിയ നേതാക്കളുമായി ഇന്ന് രാവിലെ വി എസ് കൂടിക്കാഴ്ച നടത്തിയിരുന്നു. മണിക് സര്‍ക്കാരുമായും അദ്ദേഹം ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്. തന്‍റെ നിലപാടുകള്‍ അദ്ദേഹം പി ബിയിലെ പ്രമുഖരെ അറിയിച്ചു കഴിഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ കാണാന്‍ വി എസ് ഇതുവരെ കൂട്ടാക്കിയിട്ടില്ല. ‘പി ബി യോഗം കഴിഞ്ഞു കാണാം’ എന്നാണ് ഇന്നലെ വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആ പറച്ചിലിലും ചില അസ്വാഭാവികതകള്‍ നിരീക്ഷകര്‍ കാണുന്നു. കേരളത്തില്‍ നിന്നുള്ള മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഇന്ന് അകലം പാലിച്ചു.
വൈകുന്നേരം ആറുമണിക്ക് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. പി ബിയുടെ തീരുമാനം ആ പത്രസമ്മേളനത്തില്‍ അറിയാനാകുമെന്നാണ് കരുതുന്നത്. വി എസിനെതിരെ എന്തെങ്കിലും രീതിയിലുള്ള നടപടി ഉണ്ടാകുമോ എന്നത് അറിവായിട്ടില്ല.
പി ബി യോഗത്തിന്‍റെ പശ്ചാത്തലത്തില്‍ എ കെ ജി ഭവനിലും കേരള ഹൌസിലും വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.