മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ ഉടലെടുത്ത ആശയക്കുഴപ്പം പരിഹരിക്കാന്‍ സിപിഎം നേതാക്കള്‍ ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ എന്നിവരാണ് മൂന്നാറിലെത്തുക.
കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ ഇടുക്കിയിലെ സിപിഎം നേതൃത്വം ഇതിനെതിരെ പരസ്യപ്രസ്താവന നടത്തിയിരുന്നു. ജില്ലാ സെക്രട്ടറി എംഎം മണിയും മറ്റും സര്‍ക്കാര്‍ തീരുമാനത്തോട് ഇപ്പോഴും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുനയിപ്പിക്കുകയാണ് സിപിഎം നേതാക്കളുടെ സന്ദര്‍ശന ലക്‍ഷ്യം.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ മൂന്നാറിലെത്തുന്നത്. ടാറ്റ ചെക് ഡാം കെട്ടിയ സ്ഥലങ്ങളും മറ്റ് കയ്യേറ്റ പ്രദേശങ്ങളും വട്ടവട, കാന്തല്ലൂര്‍ എന്നീ മേഖലകളിലും സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കും.
എല്‍ഡിഎഫ് ഏകോപന സമിതി തീരുമാനപ്രകാരം തിങ്കളാഴ്ച എല്‍.ഡി.എഫ് സംഘവും മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്.