സര്‍ക്കാര്‍ വക കുപ്പിവെള്ളം ‘ഹില്ലി അക്വ’; ഒരു ലിറ്ററിന് 15 രൂപ

തൊടുപുഴ| JOYS JOY| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (12:37 IST)
സര്‍ക്കാര്‍ വക കുപ്പിവെള്ളം ‘ഹില്ലി അക്വ’ കേരളത്തിലെ വിപണിയിലേക്ക്. ആദ്യഘട്ടത്തില്‍ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ആയിരിക്കും വെള്ളം എത്തിക്കുക. ഒരു ലിറ്റര്‍ വെള്ളമടങ്ങിയ കുപ്പിക്ക് 15 രൂപയായിരിക്കും വില.
തൊടുപുഴയിലെ ഫാക്‌ടറിയില്‍ ആണ് ‘ഹില്ലി അക്വ’ തയ്യാറാകുന്നത്. നിലവില്‍ വിപണിയില്‍ ഒരു ലിറ്റര്‍ കുടിവെള്ളത്തിന് 20 രൂപയാണ് വില. വിപണിയിലെ മത്സരത്തെ അതിജീവിക്കുക എന്ന ലക്‌ഷ്യവുമായാണ് വിപണിയില്‍ എത്തുന്നത്.
 
അടുത്ത ഘട്ടത്തില്‍ അര ലിറ്ററിന്റെയും, രണ്ടു ലിറ്ററിന്റെയും വെള്ളക്കുപ്പികള്‍ വിപണിയില്‍ എത്തിക്കും. അരലിറ്ററിന്റെ കുപ്പിക്ക് 10 രൂപയും രണ്ടു ലിറ്ററിന്റെ കുപ്പിക്ക് 18 രൂപയുമായിരിക്കും ഈടാക്കുക. ഇതിനിടെ, ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് കടക്കാര്‍ക്ക് മൂന്നു രൂപ ലാഭം മാത്രം നല്കിയിരുന്ന വന്‍കിട കമ്പനികള്‍ അത് 10 രൂപ വരെയാക്കി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാരണത്താല്‍ തന്നെ കടക്കാര്‍ സര്‍ക്കാര്‍ കുപ്പിവെള്ളത്തെ എങ്ങനെ സ്വീകരിക്കുമെന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.
 
സര്‍ക്കാര്‍ കുപ്പിവെള്ളം മതി എന്ന് ജനം ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായാലേ സ്വകാര്യ കമ്പനികളുടെ വെല്ലുവിളികള്‍ അതിജീവിക്കാനാകൂ വെന്നാണ് അധികൃതര്‍ കരുതുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ ഐ ഐ ഡി സി) ആണ് വെള്ളം പുറത്തിറക്കുന്നത്. ഇടുക്കി അണക്കെട്ടിലെ വെള്ളം മൂലമറ്റെത്തത്തിച്ച് വൈദ്യുതി ഉല്പാദിപ്പിച്ച ശേഷം പുറന്തള്ളുന്നത് മലങ്കരഡാമിലാണ് ശേഖരിക്കുന്നത്. ഈ വെള്ളമാണ് ഫാക്ടറിയിലേക്ക് കൊണ്ടുവരുന്നത്. പൂര്‍ണമായും ഭൗമോപരിതലത്തിലെ വെള്ളം ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
 
മണിക്കൂറില്‍ 8500-9000 ലിറ്റര്‍ കുപ്പിവെള്ളം നിറയ്ക്കാന്‍ ഇവിടെ സംവിധാനമുണ്ട്. പൂര്‍ണമായും യന്ത്രസഹായത്തോടെ നടക്കുന്ന ഫാക്‌ടറിയില്‍ ഒമ്പത് ജീവനക്കാരാണുള്ളത്. നാടിന്റെ നീര്, ജീവന്റെ തെളിനീര് എന്നതാണ് ‘ഹില്ലി അക്വ’ കുപ്പിവെള്ളത്തിന്റെ ടാഗ് ലൈന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :