തിരുവനന്തപുരം|
BIJU|
Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2017 (14:54 IST)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ കോണ്‍ഗ്രസിലെ പ്രമുഖരെ പ്രതിസന്ധിയുടെ പടുകുഴിയിലാക്കിയിരിക്കുകയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം ഉമ്മന്‍ചാണ്ടിക്കെതിരെ മാനഭംഗത്തിനും അഴിമതിക്കും കേസെടുക്കും.
അഴിമതിനിരോധന നിയമപ്രകാരമുള്ള വിജിലന്‍സ് കേസിനുപുറമേ മാനഭംഗക്കേസും ഉമ്മന്‍ചാണ്ടി നേരിടേണ്ടിവരുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അപ്പാടെ അങ്കലാപ്പിലാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തു എന്ന്
സരിത എഴുതിയ 25 പേജുള്ള കത്ത് 2016 ഏപ്രില്‍ മൂന്നിനാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. കോടതിയില്‍ ഹാജരാക്കുന്നതിനായി സരിത എഴുതിയ കത്താണിത്.
ഈ കത്ത് താന്‍ തന്നെ എഴുതിയതാണെന്ന് പിന്നീട് സരിതയും വ്യക്തമാക്കിയിരുന്നു. സോളാര്‍ പദ്ധതിയില്‍ സഹായിക്കുന്നതിനായാണ് തന്നെ പലരും ലൈംഗികമായി ഉപയോഗിച്ചതെന്നാണ് കത്തിലുള്ളത്.
ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, ജോസ് കെ മാണി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം, എഡിജിപി കെ പത്മകുമാര്‍ തുടങ്ങിയവരാണ് സരിതയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ മാനഭംഗക്കേസില്‍ അന്വേഷണം നേരിടേണ്ടത്.