aparna|
Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (14:45 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇതിനിടയില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ പുതിയ ജാമ്യാപേക്ഷയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളും ദിലീപ് ഉന്നയിക്കുന്നുണ്ട്. അന്വേഷണ സംഘ തലവനായ ദിനേന്ദ്രകാശ്യപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി സന്ധ്യക്കെതിരെയാണ് ദിലീപ് രൂക്ഷമായ വിമര്‍ശനം നടത്തിയിരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘതലവനായ കാശ്യപ് പോലുമറിയാതെ മേല്‍നോട്ട ചുമതല മാത്രമുള്ള ബി സന്ധ്യ പ്രത്യേക താല്‍പ്പര്യത്തോടെ കേസില്‍ ഇടപെട്ടത് സംശയാസ്പദമാണെന്നാണ് ദിലീപിന്റെ അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നത്. കോടതിയുടെ പരിധിയില്‍ ഇരിക്കുന്ന കേസിന്റെ അഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന് പ്രത്യേക അധികാരമൊന്നും ഇല്ലന്ന് സരിതയുടെ സോളാര്‍ കേസില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനാണ് ഇക്കാര്യത്തില്‍ പരിപൂര്‍ണ്ണ ഉത്തരവാദിത്തം. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി, അന്വേഷണത്തില്‍ എഡിജിപി എ ഹേമചന്ദ്രന്റെ ദൗത്യം എന്തെന്ന് ചോദിച്ചിരുന്നു. കുറ്റപത്രം നല്കിയ കേസുകളില്‍ എഡിജിപി സാക്ഷിയാണോ എന്നും കോടതി ചോദിച്ചിരുന്നു. ഇത് ദിലീപ് കേസില്‍ പിടിവള്ളിയാകുമെന്നാണ് ദിലീപിന്റെ അഭിഭാഷകന് കരുതുന്നത്.