ശ്രീനിജനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന ആരോപണത്തില്‍ മുന്‍ ചീഫ്‌ ജസ്‌റ്റീസ്‌ കെ ജി ബാലകൃഷ്‌ണന്റെ മരുമകന്‍ പി വി ശ്രീനിജനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉത്തരവിട്ടു. അഴിമതി നിരോധന നിയമത്തിലെ 8, 9, 12, 14 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള അന്വേഷണത്തിനാണ് ഉത്തരവ്. ശ്രീനിജനെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്താമെന്ന നിയമോപദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ്‌ നടപടി.

കൊച്ചി സ്വദേശിയായ ഷെമീര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശ്രീനിജനെതിരെ വിജലന്‍സ്‌ അന്വേഷണത്തിന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രിക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌. വിജിലന്‍സ്‌ അന്വേഷണ പരിധിയില്‍ ശ്രീനിജന്‍ ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാല്‍ സര്‍ക്കാര്‍ നിയമോപദേശം തേടുകയായിരുന്നു.

ശ്രീനിജനെതിരായ ഏത് അന്വേഷണവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ ആര്‍എസ് ജ്യോതി ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിനു വേണമെങ്കില്‍ ആരെക്കുറിച്ചും, സര്‍ക്കാരിന്റെ ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷണം നടത്താമെന്നും ജ്യോതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീനിജനെതിരെ അന്വേഷണം നടത്താമെന്ന് വിജിലന്‍സ് ഡയറക്ടര്‍ കെപി സോമരാജന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആഭ്യന്തരമന്ത്രി ശ്രീനിജനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

2006-ല്‍ ഞാറക്കല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി അത്സരിക്കുമ്പോള്‍ 43,000 രൂപയാണ് ശ്രീനിജന്‍ സമ്പാദ്യമായി സത്യവാങ്‌മൂലത്തില്‍ കാണിച്ചിരുന്നത്. നാല് വര്‍ഷം കൊണ്ട് ശ്രീനിജിന്‍റെ സമ്പാദ്യം 15 കോടിയായി വര്‍ദ്ധിച്ചെന്നും ചീഫ് ജസ്റ്റിസിന്‍റെ സ്വാധീനമുപയോഗിച്ചാണ് ശ്രീനിജന്‍ ഇത്രയും സ്വത്ത് സമ്പാദിച്ചതെന്നുമാണ് ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :