ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അടുത്ത വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയെ ബന്ധപ്പെട്ട നറുക്കെടുപ്പ് വ്യാഴാഴ്ച നടക്കും. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ബുധനാഴ്ച വൈകിട്ട് തുറക്കും.
വ്യാഴാഴ്ച രാവിലെയുള്ള ഉഷ:പൂജ കഴിഞ്ഞാണ് ഒരു വര്‍ഷത്തേക്കുള്ള പുറപ്പെടാ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക. ഇതിനായി ശബരിമലയിലേക്ക് 16 പേരുടേയും മാളികപ്പുറത്തേക്ക് 12 പേരുടേയും ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇന്റര്‍വ്യൂവില്‍ 60 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയവരാണിവര്‍.
ശബരിമല മേല്‍ശാന്തിയെ പന്തളം നടുവില മാളിക കൊട്ടാരത്തില്‍ ജയദീപ് വര്‍മ്മയുടെ മകന് വ്യാസ് ജെ വര്‍മ്മയും മാളികപ്പുറം മേല്‍ശാന്തിയെ പന്തളം തെക്കേമുറി കൊട്ടാരത്തില്‍ സുരേഷ് വര്‍മ്മയുടെ മകള്‍ ഗൌതമി എസ് വര്‍മ്മയുമാണ് നറുക്കെടുക്കുന്നത്.
നറുക്കെടുപ്പ് ചടങ്ങുകള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എംപി ഗോവിന്ദന് നായര്‍, അംഗങ്ങളായ സുഭാഷ് വാസു, പികെ കുമാരന്, ദേവസ്വം കമ്മീഷണര്‍ പി വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കും.