ആലപ്പുഴ|
aparna shaji|
Last Updated:
തിങ്കള്‍, 10 ഏപ്രില്‍ 2017 (08:45 IST)
ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എന്‍ജീനിയറിങ്ങ് കോളേജ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അധികൃതരുടെ മാനസികമായ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രകോപിതരായാണ് പ്രവർത്തകർ കോളെജ് തല്ലിതകർത്തത്.
കോളേജിലെ ജനല്‍ചില്ലുകളും സെക്യൂരിറ്റി ക്യാമറകളും ബസിന്റെ ചില്ലുകളും അടിച്ചുതകര്‍ത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രതിഷേധിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയാന്‍ ശ്രമിച്ചെങ്കിലും ഗെയ്റ്റ് ചാടി കടന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.
സ്വഭാവ ദൂഷ്യമുണ്ടെന്നും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ വീട്ടില്‍ വിളിച്ച് പറഞ്ഞതാണ് വിദ്യാര്‍ത്ഥിയ്ക്ക് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് സഹപാഠികള്‍ പറയുന്നു. കോളേജ് ക്യാന്റീനിലെ ഭക്ഷണത്തില്‍ പല്ലിയെ കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സൗകര്യമുണ്ടെങ്കില്‍ കഴിച്ചാല്‍ മതിയെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മാനസികമായി തളര്‍ന്നിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു.