വീണ്ടും വാറണ്ട്; സരിതയെ അറസ്റ്റ് ചെയ്യാനായി പൊലീസിന്റെ തെരച്ചില്‍

ആലപ്പുഴ| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിത എസ് നായര്‍ക്ക് മൂന്ന് കേസുകളില്‍ കൂടി വാറണ്ട്. അമ്പലപ്പുഴ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് അഞ്ചിന് മുമ്പ് സരിത കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം ഹോസ്ദുര്‍ഗ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടിന്റെ പശ്ചാത്തലത്തില്‍ സരിതയെ അറസ്റ്റ് ചെയ്യാനെത്തിയ വീട്ടിലെത്തിയ പൊലീസ് അവരെ കാണാതെ മടങ്ങി. സരിതയ്ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. സരിതയുടെ ചെങ്ങന്നൂരിലെ വീട്ടിലാണ് ഹോസ്ദുര്‍ഗ് പൊലീസ് എത്തിയത്. പൊലീസ് സംഘം സരിതയുടെ വീടിന് മുന്നില്‍ പ്രൊഡക്ഷന്‍ വാറണ്ട് പതിച്ചു. ഹോസ്ദുര്‍ഗ് കോടതിയിലെ കേസില്‍ സരിത ജാമ്യത്തിന് ശ്രമിക്കുന്നുണ്ട് എന്നാണ് വിവരം.

അതേസമയം സരിത എവിടെയാണെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സരിത ഇപ്പോഴും അജ്ഞാതകേന്ദ്രത്തില്‍ തന്നെയാണ്. ഇന്നലെ അവര്‍ മാധ്യമങ്ങളെ കാണുമെന്ന് അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തീരുമാനം മാറ്റുകയായിരുന്നു. അറസ്റ്റ് ഭയന്നാണ് ഞായറാഴ്ച മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് സരിത പിന്‍‌മാറിയത് എന്നാണ് സൂചന.

ജയില്‍ മോചിതയായി ഫെനിയുടെ മാന്നാറിലുള്ള ഭാര്യവീട്ടില്‍ എത്തിയ സരിത അര്‍ധരാത്രിയോടെ അവിടെനിന്ന് വാഹനത്തില്‍ എങ്ങോട്ടോ പോകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :