മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചെമ്പുകള്‍ക്കിടയിലെ തങ്കമാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ താന്‍ വി എസിനോട് പൂര്‍ണമായും യോജിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പെണ്‍വാണിഭക്കേസുകളിലെ പ്രതികളെ കൈയാമം വച്ച് നടത്തിക്കുമെന്ന് വി എസ് പറഞ്ഞത് സത്യമാണ്. അദ്ദേഹത്തിന് അത് ചെയ്യാനുള്ള ഇച്ഛാശക്തിയുണ്ട്. അദ്ദേഹം തനി തങ്കമാണ്. എന്നാല്‍ ചുറ്റുമുള്ളതൊക്കെ ചെമ്പാണ്. ചെമ്പ് മാറ്റിയാല്‍ അദ്ദേഹം സംശുദ്ധനാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത് - വെള്ളാപ്പള്ളി പറഞ്ഞു.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം വന്നാലും കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെടില്ല. ഇപ്പോഴത്തേത് അനാവശ്യമായ വിവാദമൊന്നുമല്ല. എന്നാല്‍ ഈ വിവാദമൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും ബാധിക്കില്ല. അടുത്ത വിഷയം വരുമ്പോള്‍ ജനങ്ങള്‍ ഇതെല്ലാം മറക്കും. ഐസ്ക്രീം കേസിനൊപ്പം മറ്റ് പല കേസുകളും കൂടി ചേരാനുണ്ട്. ഇതെല്ലാം സത്യസന്ധമായി അന്വേഷിച്ചാല്‍ പകല്‍ മാന്യന്‍മാരായി നടക്കുന്ന പല രാഷ്ട്രീയ നേതാക്കളുടെയും വികൃതമുഖം തെളിയും. അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചാല്‍ കുഞ്ഞാലിക്കുട്ടിയേക്കാള്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും - വെള്ളാപ്പള്ളി പറഞ്ഞു.
മാധ്യമങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കു പിന്നാലെ പായുന്ന സമയത്ത് പാലക്കാട്ടെ കൂട്ടമരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതായിരിക്കും ഉചിതമെന്നും വെള്ളാപ്പള്ളി പറഞ്ഞു.