വി എസിന്‍റെ ‘അമൂല്‍ ബേബി’ രാഹുലിന് കനത്ത അടി!

ന്യൂഡല്‍ഹി| WEBDUNIA|
PRO
വി എസ് അച്യുതാനന്ദനെ തൊട്ടു കളിച്ചാല്‍ ഇതാണ് ഫലം! സംസ്ഥാനത്തെ സി പി എം നേതാക്കള്‍ ഇപ്പോള്‍ ഊറിച്ചിരിക്കുന്നുണ്ടാകണം. നിങ്ങള്‍ക്ക് ‘93 വയസുള്ള മുഖ്യമന്ത്രിയെ വേണോ?’ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായാണ് ‘40 വയസുള്ള ഈ അമൂല്‍ ബേബി ഇതുവരെ എവിടെയായിരുന്നു?’ എന്ന മറുചോദ്യം വി എസ് എയ്തത്. എന്തായാലും കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമല്ല, മിക്ക ദേശീയ മാധ്യമങ്ങളും ‘അമൂല്‍ ബേബി’ പരാമര്‍ശം ആഘോഷിച്ചു.

പല ദേശീയ പത്രങ്ങളും മുന്‍‌പേജിലാണ് വി എസിന്‍റെ ‘അമൂല്‍ ബേബി’യെ വെണ്ടക്ക നിരത്തിയത്. ഇത് രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. എല്ലാ സംസ്ഥാനങ്ങളിലെയും പ്രമുഖ പത്രങ്ങളെല്ലാം വി എസിന്‍റെ പരിഹാസത്തിന് വേണ്ടതിലധികം പ്രാധാന്യം നല്‍കി. ഇതോടെ വി എസിനെ തോണ്ടേണ്ടിയിരുന്നില്ല എന്ന ചിന്താഭാരത്തിലാണ് ഇപ്പോള്‍ രാഹുലും കോണ്‍ഗ്രസും.

ഇംഗ്ലീഷ് മാധ്യമങ്ങളില്‍ അമൂല്‍ ബേബി പരാമര്‍ശം നിറഞ്ഞതോടെ എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് മുഖം രക്ഷിക്കേണ്ട ചുമതല രാഹുല്‍ഗാന്ധി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇട്ടുകൊടുത്തു. പ്രണാബ് മുഖര്‍ജി, ദിഗ്വിജയ് സിംഗ് തുടങ്ങിയവര്‍ വി എസിനുള്ള മറുപടിയുമായി രംഗത്തെത്തി.

‘വി എസിന് 93 വയസായി. പാര്‍ട്ടിയിലെ ശത്രുവായ പിണറായി വിജയനുമായി തമ്മിലടിക്കാന്‍ അദ്ദേഹം ഏറെക്കാലം ജീവിച്ചിരിക്കട്ടെ’ എന്നായിരുന്നു ദിഗ്വിജയ് സിംഗിന്‍റെ പ്രതികരണം. യുവാക്കള്‍ക്കെതിരായ അവഹേളനമാണ് വി എസിന്‍റെ പരാമര്‍ശമെന്ന് പ്രണാബ് മുഖര്‍ജി പറഞ്ഞു. വി എസ് സംസ്കാരമില്ലാത്ത നേതാവാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി ആഞ്ഞടിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രക്ഷയ്ക്കെത്തിയിട്ടും വി എസിന്‍റെ ‘അമൂല്‍ ബേബി’ പരാ‍മര്‍ശത്തിന് ലഭിച്ച മാധ്യമശ്രദ്ധ മറ്റാര്‍ക്കും കിട്ടിയില്ല. ഫലമോ, വടി കൊടുത്ത് അടിവാങ്ങിയ അവസ്ഥയിലായി കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :