വി എസിന്റെ സ്റ്റാഫുകള്‍ക്കെതിരെ തല്ക്കാലം നടപടികള്‍ ഉണ്ടാകില്ല
കൊല്‍ക്കത്ത|
WEBDUNIA|
Last Modified ശനി, 19 ജനുവരി 2013 (11:53 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരെ സംസ്ഥാന നേതൃത്വം തീരുമാനിച്ച അച്ചടക്ക നടപടി തല്ക്കാലം വേണ്ടെന്ന് തീരുമാനിച്ചതായി സൂചന. കേന്ദ്രകമ്മിറ്റിയിലാണ് ഇക്കാര്യം തീരുമാനമായത്. പേഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വെള്ളിയാഴ്ച വൈകുന്നേരം ചേര്‍ന്ന പോളിറ്റ് ബ്യൂറോയില്‍ തീരുമാനമായില്ല. ഇതു സംബന്ധിച്ച് പി ബിയില്‍ ഭിന്നാഭിപ്രായമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് വിഷയം കേന്ദ്രകമ്മിറ്റി പരിഗണിച്ചത്.
കേന്ദ്രകമ്മിറ്റിക്കിടെ, വെള്ളിയാഴ്ച രണ്ടുതവണ പി ബി യോഗംചേര്‍ന്ന് ഈ വിഷയം ചര്‍ച്ചചെയ്തു. വി എസിന്‍െറ സ്റ്റാഫിനെതിരായ നടപടി നീട്ടിവെക്കണമെന്ന അഭിപ്രായം സീതാറാം യെച്ചൂരിയുള്‍പ്പെടെ ചിലര്‍ പി ബി യോഗത്തില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, നടപടി നീട്ടാനാവില്ലെന്ന് പിണറായി വിജയനും കേരളത്തില്‍നിന്നുള്ള മറ്റംഗങ്ങളും വാദിച്ചു.
തന്റെ പേഴ്സനല്‍ സ്റ്റാഫംഗങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയെടുത്ത അച്ചടക്കനടപടി അംഗീകരിക്കില്ലെന്നു വി എസ് അച്യുതാനന്ദന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നു മാറ്റില്ലെന്നും വി എസ് വ്യക്തമാക്കി. നടപടിയുമായി മുന്നോട്ടുപോയാല്‍ അതു പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണം ഉന്നയിച്ചാണ് വി എസിന്റെ വിശ്വസ്തരായ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്, പ്രസ് സെക്രട്ടറി ബാലകൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തത്.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഇവര്‍ക്കെതിരെ കാര്യമായ ആരോപണങ്ങളൊന്നും ഉയര്‍ന്നിട്ടില്ലെന്നും പാര്‍ട്ടിക്കു വേണ്ടി ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്തവരാണ് ഇവരെന്നും വി എസ് പറഞ്ഞു.
ടി പി വധവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയില്ലാത്തപ്പോള്‍ തന്റെ സ്റ്റാഫിനെതിരെ എന്തിനാണ് നടപടിയെന്നും വി എസ് ചോദിച്ചു. നേരത്തെ ടിപി വധത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇക്കാര്യം വി എസ് ഉയര്‍ത്തിക്കാട്ടിയത്.