കോഴിക്കോട് |
M. RAJU|
Last Modified ശനി, 5 ഏപ്രില്‍ 2008 (15:28 IST)
കോഴിക്കോടുകാര്‍ക്ക് ഇത്തവണത്തെ വിഷു ആഘോഷങ്ങള്‍ക്ക് പൊലിമ കുറയും. ആവശ്യത്തിന് പടക്കം ലഭിക്കാത്തതാണ് ഇതിന് കാരണം.
പടക്ക വ്യാപാരികളുടെ റദ്ദാക്കിയ ലൈസന്‍സുകള്‍ ഇതുവരെ പുതുക്കി നല്‍കിയിട്ടില്ല. പടക്കവും പൂത്തിരിയുമില്ലാതെ മലബാറുകാര്‍ക്ക് വിഷു ആഘോഷിക്കാന്‍ കഴിയില്ല. അതിനാല്‍ ഇവിടുങ്ങളില്‍ വിഷുക്കാലമായാല്‍ പടക്ക വിപണി സജീവമാകും. മിഠായിത്തെരുവ് ദുരന്തത്തെ തുടര്‍ന്ന് 75 പടക്ക വ്യാപാരികളുടെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദാക്കിയിരുന്നു.
പുതിയ കടകള്‍ക്കൊന്നും അനുമതി നല്‍കിയിട്ടുമില്ല. നഗരത്തിന് പുറത്ത് തുറസ്സായ സ്ഥലത്ത് പടക്ക വ്യാപാരത്തിനായി താത്ക്കാലിക സ്റ്റാളുകള്‍ സ്ഥാപിക്കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം വ്യാപാരികള്‍ അംഗീകരിക്കുന്നില്ല. തര്‍ക്കം തുടരുന്നത് വിഷു ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് കടുത്ത നിരാശയാണ് നല്‍കിയിരിക്കുന്നത്.