വിദേശയാത്ര: തച്ചങ്കരിക്കെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 7 ജനുവരി 2012 (18:08 IST)
PRO
PRO
വിവാദ ഐ ജി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.

തച്ചങ്കരിയുടെ വിവാദമായ വിദേശയാത്രയെ സംബന്ധിച്ച് എന്‍ ഐ എ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് തച്ചങ്കരി വിദേശയാത്ര ചെയ്തത് എന്നാണ് എന്‍ ഐ എയുടെ ആദ്യ കണ്ടെത്തല്‍. വിദേശത്ത് എത്തിയ തച്ചങ്കരി അനഭിമതരായ വ്യക്തികളുടെ ആതിഥിയേത്വം സ്വീകരിച്ചെന്നും തച്ചങ്കരിയുടെ ഹോട്ടല്‍ ബില്ല് കൊടുത്തത് ഇവരാണെന്നും അന്വേഷണത്തില്‍ എന്‍ ഐ എ കണ്ടെത്തിയിരുന്നു.

കണ്ണൂര്‍ റേഞ്ച്‌ ഐ ജി ആയിരിക്കെയാണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ തച്ചങ്കരി വിദേശ യാത്ര നടത്തിയത്. തുടര്‍ന്ന് തച്ചങ്കരിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വിദേശയാത്രയ്ക്കിടെ തീവ്രവാദബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും തച്ചങ്കരിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ കാലാവധി എല്‍ ഡി എഫ് സര്‍ക്കാര്‍ നീട്ടിയിരുന്നു.

എന്നാല്‍ തച്ചങ്കരിക്കെതിരെ തീവ്രവാദ ബന്ധത്തിന്‌ തെളിവില്ലെന്ന് എന്‍ ഐ എ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.

സര്‍വീസില്‍ തിരിച്ചെടുത്ത തച്ചങ്കരിക്ക് തസ്തിക നല്‍കിയിരുന്നില്ല. എന്നാല്‍ തസ്തിക അനുവദിക്കാതെ ശമ്പളം നല്‍കാനാവില്ലെന്ന്‌ സംസ്ഥാന ധനവകുപ്പ്‌ അറിയിച്ചതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം ഡിയായി നിയമിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :