വിജിലന്‍സിനോട് ‘അന്വേഷിക്കരുത്’ എന്നൊരു വാക്ക് ഒരിക്കല്‍പ്പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല: ജേക്കബ് തോമസ്

പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി പിന്തുണച്ചിട്ടേയുളളൂവെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 20 മെയ് 2017 (08:08 IST)
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും അവധിയെടുക്കുന്ന വരെ ഒരുതവണപോലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്ന് ഡിജിപി ജേക്കബ് തോമസ്. ചില കേസുകളുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിശദാംശങ്ങള്‍ മനസിലാക്കുകയും ചെയ്തിരുന്നു. അതിനപ്പുറം അന്വേഷിക്കരുത് എന്നൊരു വാക്ക് ഒരിക്കല്‍പ്പോലും മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും തന്റെ സര്‍വീസ് സ്‌റ്റോറിയുടെ വിശദാംശങ്ങള്‍ അടങ്ങിയ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ ജേക്കബ് തോമസ് വ്യക്തമാക്കുന്നു.

പല പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ട്. ഐഎഎസ് അസോസിയേഷനിലെ ചില സീനിയര്‍ അംഗങ്ങള്‍ തനിക്കെതിരെ ഉറഞ്ഞുതുളളിയിരുന്നു. ആ സമയത്തുപോലും കുറച്ചുപേര്‍ ബഹളം വെയ്ക്കുന്നുണ്ടല്ലോ എന്നാണ് മുഖ്യമന്ത്രി തന്നോട് ചോദിച്ചത്. അതിന് എല്ലാം നേരെയാകുമെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു.

യുഡിഎഫ് ഭരണ കാലത്ത് വിജിലന്‍സില്‍ എഡിജിപി ആയിരിക്കെ പാറ്റൂര്‍ കേസ്, ബാര്‍ കേസ്, ടിഒ സൂരജ് കേസ് തുടങ്ങിയവയുടെ അന്വേഷണത്തില്‍ നേരിട്ടും അല്ലാതെയും താന്‍ പങ്കാളിയായിരുന്നതിനാലാണ് തന്നെ വിജിലന്‍സില്‍ നിന്ന് പുറത്താക്കാന്‍ ശ്രമമുണ്ടായതെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. ബാര്‍കോഴക്കേസുമായി ബന്ധ്പ്പെട്ട് കെ.ബാബു, കെഎം മാണി എന്നിവരുടെ വിഷയങ്ങളിലും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നും ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :