നാല്പ്പതില് താഴെ വിജയശതമാനമുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ പൂട്ടണമെന്ന് ഹൈക്കോടതി. ഇത്തരം കോളജുകള്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 2008 മുതല്‍ 2011 വരെയുള്ള സ്വശ്രയ എഞ്ചിനീയറിംഗ്കോളജുകളിലെ വിജയശതമാനം പരിശോധിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിജയ ശതമാനം 40ല്‍ കുറഞ്ഞ കോളജുകള്‍ പൂട്ടി ഈ കോളജിലെ കുട്ടികളെ മറ്റ് കോളജുകളിലേക്ക് മാറ്റണം. ഉന്നത വിദ്യാഭ്യാസത്തിന്‍െറ നിലവാരം തകര്‍ന്നുവെന്നും കോടതി വിലയിരുത്തി. സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ അഫിലിയേഷനുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന് നായര്‍, ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ വിവിധ കോളജുകളുടെ പരീക്ഷാഫലം സര്‍വകലാശാലകള്‍ വെബ്സൈറ്റില്‍ നല്‍കണമെന്നും ഇതിലൂടെ മികച്ച കോളജുകള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നും കോടതി നിരീക്ഷിച്ചു.