കോട്ടയം എരുമേലിയിലെ പമ്പാവാലിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്കു മറിഞ്ഞ് പത്ത് സ്ത്രീകളടക്കം ആന്ധ്രയില്‍ നിന്നുള്ള 12 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.
ആന്ധ്രപ്രദേശിലെ തുഥൂര്, ഗോദാവരി സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 61 പേരുമായി ശബരിമലയിലേക്ക് പോകുകയായിരുന്ന ബസ് എരുമേലിക്കും പമ്പാവാലിക്കും ഇടയില്‍ കണമലയില്‍ വച്ച് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ വെളിച്ചം കുറവായിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ദേവസ്വം മന്ത്രി ജി സുധാകരന് അറിയിച്ചു.
അപകടത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ഗതാഗത മന്ത്രി മാത്യു ടി. തോമസിനോട് അടിയന്തിരമായി അപകട സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.