വയനാട്ടിലെ ഭൂമി കൈയേറ്റ സമരം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. വയനാട്ടില്‍ ഭൂമിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ ഹര്ജിയിന്മേലാണ് ഇന്ന് വാദം കേട്ടത്. എം വി ശ്രേയാംസ്കുമാര്‍ എം എല്‍ എ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ വാദം തുടരും. വയനാട്ടിലെ കൈയേറ്റത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അവകാശങ്ങള്‍ നിയമപരമായി നേടിയെടുക്കേണ്ടതാണ്. അവകാശങ്ങളുടെ പേരില്‍ നിയമലംഘനം പാടില്ല. എത്ര മഹനീയമായ ആദര്‍ശത്തിന്റെ പേരിലായാലും നിയമലംഘനം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇതില്‍ രാഷ്ട്രീയമായി ആര്‍ക്കെങ്കിലും നീരസമുണ്ടെങ്കില്‍ കോടതി അതിനെ കാര്യമാക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭിക്കണമെന്ന കാര്യത്തില്‍ കോടതിക്ക് നിര്‍ബന്ധമുണ്ട്. എന്നാല്‍, ആദിവാസികള്‍ക്ക് ഭൂമിയില്ല എന്ന പേരില്‍ നിയമം ലംഘിച്ചു നടത്തുന്ന സമരങ്ങളെ അനുവദിക്കാനാകില്ല. പ്രശ്നങ്ങളുണ്ടെങ്കില്‍ നിയമത്തിന്റെ വഴിയിലൂടെ നീങ്ങാന്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.