കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ സുധാകരനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി അദ്ദേഹത്തിന്റെ മുന്‍ വിശ്വസ്തന് രംഗത്ത്. സിപിഎം നേതാവ് ഇ പി ജയരാജനെ വധിക്കാന്‍ സുധാകരന് ഗൂഢാലോചന നടത്തി എന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരിക്കുന്നത്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ കൂടിയാണ് ഇയാള്‍. കണ്ണൂര്‍ മുനിസിപ്പല്‍ കൌണ്‍സിലറുമായിരുന്നു പ്രശാന്ത് ബാബു.
സുധാകരന്റെ കണ്ണൂര്‍ നടാലിലുള്ള വീട്ടില്‍ വച്ചാണ് ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടന്നതെന്നാണ് പ്രശാന്ത് ബാബു ഒരു ദൃശ്യമാധ്യമത്തോട് വെളിപ്പെടുത്തിയത്. രണ്ട് തവണയാണ് ഗൂഢാലോചന നടന്നത്.
സഹകരണ പ്രസിനു നേരെ നടന്ന ആക്രമണത്തിലും നാണുവിനെ ബോംബെറിഞ്ഞ് കൊന്നതിലും സുധാകരന് പങ്കുണ്ട് എന്നതിന് താന്‍ ദൃക്സാക്ഷിയാണ്. സുധാകരന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുകയാണെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തി.
1996-ല്‍ ആണ് ഇ പി ജയരാജനെതിരെ ആക്രമണം ഉണ്ടായത്. ആന്ധ്രയില്‍ ട്രെയില്‍ യാത്രക്കിടെയായിരുന്നു ഇത്. പരുക്കുകളോടെ ജയരാജന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ രണ്ട് പേരെ ശിക്ഷിച്ചു. സംഭവത്തില്‍ സുധാകരനും എം വി രാഘവനും പങ്കുണ്ടെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. 1992 ജൂണ്‍ 13-നാണ് സേവറി ഹോട്ടലിന് നേരെ ബോംബേറ് ഉണ്ടായത്. ഈ സംഭവത്തിലാണ് നാണു കൊല്ലപ്പെട്ടത്.