എസ്.എന്‍.സി ലാവ്ലിന് കേസില്‍ നിന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായിരുന്ന പിണറായി വിജയനില്‍ നിന്നും സി.ബി.ഐ തെളിവെടുത്തു.
സി.ബി.ഐയുടെ ചെന്നൈ ഓഫീസില്‍ പിണറായിയെ വിളിച്ചു വരുത്തി അതീവ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ്. ഒരു മലയാളം വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം പതിനെട്ടിനായിരുന്നു ചോദ്യം ചെയ്യല്‍ നടന്നതെന്നും ചാനല്‍ പറയുന്നു. രാവിലെ പത്ത് മണിക്ക് തുടങ്ങിയ തെളിവെടുപ്പ് ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ തുടര്‍ന്നു.
ലാവ്ലിന് ഇടപാട് നടന്ന കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനില്‍ നിന്നും തെളിവെടുപ്പ് നടത്താന്‍ സി.ബി.ഐ ഒട്ടേറെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇടപാട് സംബന്ധിച്ച് അറുപതോളം ചോദ്യങ്ങള്‍ അടങ്ങിയ പട്ടികയും സി.ബി.ഐ തയാറാക്കിയിരുന്നു. ഇതിനെ ആധാരമാക്കിയാണ് അന്വേഷണ സംഘം പിണറായിയില്‍ നിന്നും മൊഴിയെടുത്തത്.
ലാവ്ലിന് നല്‍കിയിരുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആക്കിയത് എന്തുകൊണ്ടാണെന്നും ലാവ്ലിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് നവീകരണം നടത്താമെന്ന റിപ്പോര്‍ട്ടുകളെ അവഗണിച്ചത് എന്തിനാണ്, ഇടപാടില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എങ്ങനെ കടന്നു വന്നു തുടങ്ങിയ ചോദ്യങ്ങള്‍ സി.ബി.ഐ സംഘം തയാറാക്കിയ പട്ടികയില്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം |
M. RAJU|
Last Modified ശനി, 31 മെയ് 2008 (13:33 IST)
ലാവ്ലിനുമായുള്ള നടപടി ക്രമങ്ങള്‍ ധ്രുതഗതിയില്‍ വൈദ്യുതി വകുപ്പ് പൂര്‍ത്തിയാക്കിയത് എന്തിനാണെന്നും സി.ബി.ഐ ആരാഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.