റയില്‍ ബജറ്റ്: മലബാറിനെ അവഗണിച്ചു

P.K. Krishnadas
KBJWD
കേന്ദ്ര റയില്‍വേ ബജറ്റില്‍ മലബാര്‍ മേഖലയോട്‌ തികച്ചും അവഗണന കാട്ടിയതില്‍ പ്രതിഷേധിച്ച്‌ അടുത്തമാസം അഞ്ചിന്‌ മലബാറിലെ പ്രധാന റയില്‍വേ സ്റ്റേഷനുകളിലേക്ക്‌ ബി.ജെ.പി മാര്‍ച്ച്‌ നടത്തും.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്‌ അറിയിച്ചതാണിത്. പാലക്കാട് ജില്ലയിലെ ഏത് ഭാഗത്താണ് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

റയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള അവഗണനയും വഞ്ചനയും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്‌. ബജറ്റില്‍ മലബാര്‍ മേഖലയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്. ഈ അവഗണനയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ അഞ്ചിന്‌ മലബാര്‍ മേഖലയിലെ പ്രധാന റയില്‍വേ സ്റ്റേഷനുകളിലേക്ക്‌ ബിജെപി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.

പാലക്കാട്‌ ജില്ലയിലെ ഒലവക്കോട്‌, ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനുകളിലേക്കാണ്‌ മാര്‍ച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കഞ്ചിക്കോട്ടെ റയില്‍വേ കോച്ച്‌ ഫാക്ടറി സാങ്കേതികത്വത്തിന്‍റെ പേരില്‍ സംസ്ഥാനത്തിന്‌ നഷ്ടപ്പെടാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.

ഫാക്ടറിക്കായി ആയിരം ഏക്കര്‍ ഭൂമി റയില്‍വേക്കു കൈമാറിയെന്നാണ്‌ മന്ത്രി എം.വിജയകുമാര്‍ പറഞ്ഞത്‌. പാലക്കാട്‌ ജില്ലയുടെ ഏതു ഭാഗത്താണ്‌ ഊ‍ ഭൂമിയെന്ന്‌ വ്യക്‌തമല്ല. മലമ്പുഴയിലാണോ, കഞ്ചിക്കോടാണോ ഫാക്ടറി സ്ഥാപിക്കുന്നതെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണം. ഇക്കാര്യത്തില്‍ സംശയത്തിന്‍റെ പുകമറ ഉണ്ട്‌.

ഫാക്ടറി സ്ഥാപിക്കുന്നതിന്‍റെ പേരില്‍ മുഖ്യമന്ത്രിയോ, എന്‍.എന്‍. കൃഷ്ണദാസ്‌ എം.പിയോ ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത്‌ വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റില്‍ അഞ്ചു നയാപൈസ പോലും ഫാക്ടറിക്കായി നീക്കിവച്ചിട്ടില്ല.

പാലക്കാട്| M. RAJU| Last Modified ബുധന്‍, 27 ഫെബ്രുവരി 2008 (17:09 IST)
കഴിഞ്ഞ റയില്‍ ബജറ്റില്‍ റായ്ബറേലിയില്‍ കോച്ച്‌ ഫാക്ടറി സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ആരംഭിച്ചിട്ടില്ല. ഈ‍ സാഹചര്യത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കഞ്ചിക്കോട്ടെ ഫാക്ടറിയെക്കുറിച്ച്‌ സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :