കെ കരുണാകരന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദ്ദമേറുകയാണ്. രാജ്യസഭാ സീറ്റ് പ്രശ്നം ഉന്നയിക്കാന്‍ പത്മജ വേണുഗോപാല്‍ ഇന്ന് സോണിയ ഗാന്ധിയെ കാണും. താന്‍ സോണിയയെ കാണുന്നത് വെറും ഒരു സൌഹൃദ സന്ദര്‍ശനം മാത്രമാണെന്ന് പത്മജ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കെ കരുണാകരനു വേണ്ടി രാജ്യസഭാ സീറ്റ് പ്രശ്നം ഉന്നയിക്കുക എന്നതാണ് പത്മജയുടെ ഉദ്ദേശ്യമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ സൂചന നല്കുന്നു.
കെ കരുണാകരന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന ആവശ്യവുമായി കരുണാകര വിഭാഗം നേരത്തേ തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് സോണിയയുമായി കൂടിക്കാഴ്ച നടത്താന്‍ പത്മജ അനുമതി തേടിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി സോണിയയെ കണ്ട് രാജ്യസഭാ സീറ്റ് ആവശ്യം ഉന്നയിച്ചിരുന്നു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞതോടെയാണ് യു ഡി എഫില്‍ രാജ്യസഭ സീറ്റിനു വേണ്ടിയുള്ള മത്സരം കൊടുമ്പിരി കൊണ്ടത്.
എന്നാല്‍, രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടു പോലുമില്ലെന്നാണ് കരുണാകരന് കഴിഞ്ഞ ദിവസം പറഞ്ഞത്.